തിരുവനന്തപുരം : ഗ്രൂപ്പ് തര്‍ക്കത്തില്‍ ഉടക്കി കോണ്‍ഗ്രസിന്‍റെ ഡിസിസി, ബ്ലോക്ക് പുനസംഘടന വഴിമുട്ടി നില്‍ക്കെ കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ ഏഴംഗ ഉപസമിതി രൂപീകരിച്ചു. എഐസിസി നിര്‍ദേശ പ്രകാരം കെപിസിസി പ്രസിഡന്‍റ് കെ സുധാകരനാണ് ഉപസമിതി രൂപീകരിച്ചത്. കൊടിക്കുന്നില്‍ സുരേഷ് എംപി, ടി സിദ്ദിഖ് എംഎല്‍എ, മുന്‍ മന്ത്രി കെസി ജോസഫ്, എപി അനില്‍കുമാര്‍ എംഎല്‍എ, ജോസഫ് വാഴക്കന്‍, കെ ജയന്ത്, എം ലിജു എന്നിവരാണ് ഉപസമിതി അംഗങ്ങള്‍.
ജില്ലകളില്‍ നിന്ന് പുനസംഘടന സമിതി കെപിസിസിക്ക് കൈമാറിയ ഡിസിസി ഭാരവാഹികളുടേയും ബ്ലോക്ക് പ്രസിഡന്‍റുമാരുടേയും ലിസ്റ്റില്‍ നിന്ന് അന്തിമ പട്ടിക രൂപീകരിക്കുകയാണ് ഉപസമിതിയുടെ ദൗത്യം. ജില്ലാതല ഉപസമിതികള്‍ കെപിസിസിക്ക് സമര്‍പ്പിച്ചിട്ടുള്ള പട്ടിക പരിശോധിച്ച് 10 ദിവസത്തിനകം അന്തിമ പട്ടിക കൈമാറാന്‍ ഉപസമിതിക്ക് കെപിസിസി പ്രസിഡന്‍റ് നിര്‍ദേശം നല്‍കി. ഇതോടെ പുനസംഘടന അന്തിമ ഘട്ടത്തിലേക്ക് കടക്കുകയാണെന്നാണ് കെപിസിസിയുടെ അവകാശവാദം.
'ഏകപക്ഷീയമായി പുനസംഘടന നടത്തുന്നു' : എല്ലാ വിഭാഗങ്ങളെയും പരിഗണിച്ചും എല്ലാവരുമായും ചര്‍ച്ച നടത്തിയും പരാതി രഹിതമായിട്ടാണ് പുനസംഘടന പ്രക്രിയയുമായി മുന്നോട്ടുപോവുന്നതെന്നും കെപിസിസി അവകാശപ്പെട്ടു. നേരത്തെ ബ്ലോക്ക് ഡിസിസി പുനസംഘടന അന്തിമ തീയതി പലവട്ടം ദീര്‍ഘിപ്പിച്ചിട്ടും പല കോണുകളില്‍ നിന്ന് പരാതി ഉയര്‍ന്നതിനാല്‍ പൂര്‍ത്തിയാക്കാനായില്ല. കെ സുധാകരനും വിഡി സതീശനും ഏകപക്ഷീയമായി പുനസംഘടന നടത്തുന്നു എന്ന ആക്ഷേപം എ, ഐ ഗ്രൂപ്പുകളും മുതിര്‍ന്ന നേതാക്കളും പങ്കുവച്ചിരുന്നു.
ALSO READ| കെപിസിസി പുനസംഘടന : പ്രസിഡന്‍റിന് പൂർണാധികാരം നൽകില്ല ; അന്തിമ തീരുമാനത്തിനായി പ്രത്യേക സമിതി
പുനസംഘടനയ്‌ക്കെതിരെ ഏഴ് എംപിമാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കണ്ട് പരാതി ഉന്നയിച്ചിരുന്നു. പ്ലീനറി സമ്മേളന ഘട്ടത്തില്‍ റായ്‌പൂരില്‍ വച്ച് മുതിര്‍ന്ന ചില നേതാക്കളും ഇക്കാര്യത്തിലുള്ള തങ്ങളുടെ അതൃപ്‌തി നേരിട്ട് എഐസിസി അധ്യക്ഷനെ ധരിപ്പിച്ചിരുന്നു. ഖാര്‍ഗെ നിര്‍ദേശിച്ചതനുസരിച്ച് എംപിമാരുമായി കെസി വേണുഗോപാല്‍ സംസാരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഉപസമിതി സംബന്ധിച്ച് ധാരണയായത്.
ചർച്ചകള്‍ക്ക് വഴിവച്ച് അസ്വാരസ്യം, ഒടുവില്‍...: കോൺഗ്രസ് പുനസംഘടനയെ ചൊല്ലി എംപിമാർ വിവാദ പരാമര്‍ശങ്ങള്‍ ഉയർത്തിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് കെപിസിസി പുനസംഘടനയ്‌ക്ക് പുതിയ രീതി. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍, പാർട്ടിയുടെ രണ്ട് എംപിമാരെ താക്കീത് ചെയ്‌ത നടപടി അനുചിതമായെന്ന് ഗ്രൂപ്പ് നേതാക്കള്‍ വിലയിരുത്തിയിരുന്നു. മറ്റ് പാർട്ടികൾ ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങുമ്പോൾ കോൺഗ്രസില്‍ അസ്വാരസ്യം തലപൊക്കിയത് വലിയ ചർച്ചകള്‍ക്കാണ് വഴിവച്ചത്.
അച്ചടക്ക വിഷയമായതിനാൽ നേതാക്കള്‍ പരസ്യമായ പ്രതികരണം നടത്തിയിരുന്നില്ല. എന്നാല്‍, മുരളീധരനും എംകെ രാഘവനും ഒപ്പമാണ് കേരളത്തിലെ പ്രബലമായ രണ്ട് ഗ്രൂപ്പുകളും എന്നുള്ള വാര്‍ത്ത നേരത്തേ പുറത്തുവന്നിരുന്നു. ഇരുവർക്കും പറയാനുള്ളത് കേൾക്കാൻ പോലും നേതൃത്വം അവസരം നൽകിയില്ല. ഇത് നേതാക്കള്‍ ചൂണ്ടിക്കാണിച്ചിരുന്നു. സ്ഥാനമാനങ്ങള്‍ വേണമെങ്കിൽ മിണ്ടാതിരിക്കണം എന്നും പുനസംഘടനയാണെന്ന് പറഞ്ഞാലും സ്വന്തക്കാരുടെ ലിസ്റ്റ് ഉണ്ടാക്കുന്നതിനപ്പുറത്ത് പാർട്ടിയുടെ വളർച്ചയ്ക്ക് വേണ്ടി ആരെയും കൊണ്ടുവരുന്നില്ല എന്നുമായിരുന്നു എംകെ രാഘവന്‍ നടത്തിയ വിമര്‍ശനം.