തിരുവനന്തപുരം: ക്രമവിരുദ്ധമായി ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിക്കാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിച്ചുവെന്ന കേസില്‍ നിയമ വകുപ്പില്‍ നിന്നുള്ള അന്നത്തെ ഫയലുകള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് വിജിലന്‍സ് കോടതിയുടെ നിര്‍ദേശം. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജി പരിഗണിച്ചാണ് കോടതി നിര്‍ദേശം. ചെന്നിത്തലയുടെ ഹര്‍ജിയുടെ തുടര്‍നടപടികള്‍ അവസാനിപ്പിക്കണമെന്ന വിജിലൻസിന്‍റെ അപേക്ഷ കോടതി തള്ളി.
ബ്രൂവറിക്ക് ലൈൻസൻസ് നൽകിയ സമയത്തുള്ള സർക്കാർ ഫയലുകൾ കോടതിയിൽ ഹാജരാക്കാൻ നികുതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകണമെന്ന് ആവശ്യം ഉന്നയിച്ചാണ് രമേശ് ചെന്നിത്തല കോടതിൽ അപേക്ഷ സമർപ്പിച്ചത്. കേസിൽ സാക്ഷികളുടെ മൊഴി നേരിട്ട് രേഖപ്പെടുത്തുന്ന സമയത്ത് ഫയലുകൾ സാക്ഷിയെ കാണിച്ചു കൊടുത്ത് രേഖപ്പെടുത്താൻ സാധിക്കില്ല എന്ന് വിജിലൻസ് ലീഗൽ അഡ്വൈസർ വാദിച്ചിരുന്നു.
കഴിഞ്ഞ തവണ രമേശ് ചെന്നിത്തലയുടെ മൊഴി എടുത്ത ശേഷം മുൻ മന്ത്രിമാരെ സാക്ഷികളായി വിസ്തരിക്കാനായി സമൻസ് നൽകിയിരുന്നു. ഇവരുടെ സാക്ഷി വിസ്താരം അടുത്തമാസം 17ന് നടക്കും. മുഖ്യമന്ത്രിയുടെ താല്പര്യപ്രകാരം മുൻ എക്‌സൈസ് മന്ത്രി ടി. പി. രാമകൃഷ്ണൻ അനധികൃതമായി തീരുമാനിച്ചത് അഴിമതിയാണ് എന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം.
മുഖ്യമന്ത്രി പിണറായി വിജയൻ, എക്‌സൈസ് മുൻ മന്ത്രി ടി.പി രാമകൃഷ്‌ണന്‍, എക്‌സൈസ് കമ്മിഷണർ ഋഷിരാജ് സിങ്, ബ്രൂവറി - ഡിസ്റ്റിലറി അനുമതി ലഭിച്ച ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർമാർ എന്നിവർക്കെതിരെയും അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Also Read: ബ്രൂവറി അഴിമതിക്കേസ് : സ്വകാര്യ ഹര്‍ജി നിലനിൽക്കില്ലെന്ന് വിജിലൻസ്, എതിര്‍ത്ത് രമേശ് ചെന്നിത്തല