തിരുവനന്തപുരം : എസ്എസ്എൽസി പരീക്ഷയ്ക്കായി അടുത്ത അക്കാദമിക വർഷം മുതൽ പ്രത്യേക മാന്വൽ നിലവിൽ വരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി (Seperate Manual For SSLC Exam). പ്രധാനപ്പെട്ട പൊതു പരീക്ഷയായ എസ്എസ്എൽസി പരീക്ഷയ്‌ക്ക് നിലവിൽ മാന്വൽ ഇല്ലെന്നും ഇതിനായി കരട് തയാറായി കഴിഞ്ഞുവെന്നും അടുത്ത അക്കാദമിക വർഷം മുതൽ അതനുസരിച്ച് പരീക്ഷ നടത്തുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. എന്നാൽ ഹയർസെക്കൻഡറി പരീക്ഷയ്ക്കുള്ള മാന്വലിൽ പുതിയ പരിഷ്‌കാരങ്ങൾ ആവശ്യമില്ലെന്നും പല സംസ്ഥാനങ്ങളും കേരളത്തിന്‍റെ മാന്വൽ ആണ് മാതൃക ആക്കിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
എസ്എസ്എൽസി പരീക്ഷ ക്രമക്കേടില്ലാതെ നടത്താൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. പരിശോധനാ സ്‌ക്വാഡുകളും രൂപീകരിച്ചിട്ടുണ്ട്. അത്തരം ക്രമീകരണങ്ങളെ കുറിച്ച് ആരും ഇതുവരെയും ആക്ഷേപം ഉന്നയിച്ചിട്ടില്ല.
എസ്എസ്എൽസി ചോദ്യ പേപ്പർ സൂക്ഷിക്കുന്നത് ട്രഷറിയിലാണ്. എന്നാൽ അതിന്‍റെയൊപ്പം ഹയർസെക്കൻഡറി ചോദ്യപേപ്പർ സൂക്ഷിക്കുന്നത് പ്രായോഗികമല്ല. ഇത് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
എൻസിഇആർടി ഒഴിവാക്കിയ ഭാഗങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് പുതിയ പാഠപുസ്‌തകങ്ങൾ തയാറാക്കിയിരിക്കുന്നത്. ഇത്തരത്തിൽ പാഠപുസ്‌തകം തയാറാക്കുന്ന ആദ്യത്തെ സംസ്‌ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്‍റെ മാതൃകാപരമായ വിദ്യാഭ്യാസ പശ്ചാത്തലം അനുസരിച്ചാണ് സർക്കാർ ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നിരയില്‍ നിന്നുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. എന്നാൽ കേരളത്തിന്‍റെ വിദ്യാഭ്യാസ നിലപാട് തമിഴ്‌നാട് പൂർണമായി തള്ളിക്കളഞ്ഞു. കർണാടക ചില പാഠ ഭാഗങ്ങൾ മാത്രമേ ഉൾപ്പെടുത്താൻ തയാറായിട്ടുള്ളൂ.
നേരത്തെ മഹാത്മാഗാന്ധിയുടെ വധം, ഗാന്ധിയുടെ വധത്തിൽ ആർഎസ്‌എസിനുള്ള പങ്ക്, ഇന്ത്യയിലെ മുഗൾ ഭരണവുമായും സാമ്രാജ്യത്വവുമായും ബന്ധപ്പെട്ട ഭാഗങ്ങൾ, ഇന്ത്യൻ സ്വാതന്ത്ര്യസമരം സംബന്ധമായവ, എന്നിങ്ങനെ സുപ്രധാന കാര്യങ്ങള്‍ നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻ.സി.ഇ.ആർ.ടി) പാഠഭാഗങ്ങളിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇപ്പോൾ തയാറാക്കിയിരിക്കുന്ന പാഠ പുസ്‌തകം കുട്ടികൾക്ക് പഠിക്കാനും ചരിത്രത്തെ മനസിലാക്കാനും സാധിക്കുന്നതാണ്. സപ്ലിമെന്‍ററി പാഠ പുസ്‌തകം ഈ വർഷം ഓഗസ്റ്റിൽ മുഖ്യമന്ത്രി പുറത്തിറക്കിയിരുന്നു.
എൻസിഇആർടി പാഠപുസ്‌തകങ്ങളിൽ നിന്ന് ഈ പാഠ ഭാഗങ്ങൾ മാറ്റിയതിന് പിന്നിൽ വ്യക്‌തമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്നും സമൂഹത്തിൽ വെറുപ്പ് സൃഷ്‌ടിക്കാനാണ് ഉദ്ദേശമെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു.
അതേസമയം സ്‌കൂള്‍ കുട്ടികളുടെ ഇന്‍റര്‍വെല്‍ സമയം കൂട്ടണമെന്ന് നടന്‍ നിവിന്‍ പോളി വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിഗണിക്കാമെന്നായിരുന്നു മന്ത്രി മറുപടി നല്‍കിയത്. 'നെടുമങ്ങാട് ഓണാഘോഷത്തോട് അനുബന്ധിച്ചാണ് ചലച്ചിത്ര താരം നിവിൻ പോളിയെ കണ്ടത്. സംസാരിച്ചപ്പോൾ നിവിൻ ഒരു കാര്യം പറഞ്ഞു. കുട്ടികളുടെ ഇന്‍റർവെൽ സമയം കൂട്ടണമെന്ന്. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും മറ്റും മതിയായ സമയം ഇന്‍റർവെൽ സമയം കൂട്ടിയാൽ കുഞ്ഞുങ്ങൾക്ക് ലഭിക്കുമെന്നും നിവിൻ പറഞ്ഞു. ഇക്കാര്യം പരിഗണിക്കാമെന്ന് മറുപടി നല്‍കിയിട്ടുണ്ട്' - വി ശിവന്‍കുട്ടി അറിയിച്ചു.