തിരുവനന്തപുരം: കസ്റ്റംസിനെതിരെ രൂക്ഷവിമർശനവുമായി സെക്രട്ടേറിയറ്റ് ഇടത് അനുകൂല സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ. "തരമറിഞ്ഞു കളിക്കണം കൂട്ടിലടച്ച കസ്റ്റംസ്" എന്ന തലക്കെട്ടോടെ അസോസിയേഷൻ പുറത്തിറക്കിയിരിക്കുന്ന നോട്ടീസിലാണ് കസ്റ്റംസിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ചിരിക്കുന്നത്. കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മീഷണർ ലാലുവിന്‍റെ പേരെടുത്തു പറഞ്ഞാണ് വിമർശനം.

അസിസ്റ്റന്‍റ് പ്രോട്ടോകോൾ ഓഫീസർ ഹരികൃഷ്ണനെ കസ്റ്റംസ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന് അസോസിയേഷൻ ആരോപിക്കുന്നു. രാഷ്‌ട്രീയ ലക്ഷ്യം വച്ച് സംസ്ഥാന സർക്കാരിനെ നേരിടുന്നതിന് സെക്രട്ടേറിയറ്റ് ജീവനക്കാരെ നിരന്തരം കേന്ദ്ര ഏജൻസികൾ പീഡിപ്പിച്ചു വരികയാണെന്നും, ഇതിന്‍റെ ഇരയാണ് അസിസ്റ്റന്‍റ് പ്രോട്ടോകോൾ ഓഫീസർ ഹരികൃഷ്ണനെന്നും സംഘടന കുറ്റപ്പെടുത്തുന്നു. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനിരിക്കട്ടെ എന്നാണ് അസിസ്റ്റന്‍റ് കമ്മിഷണർ ലാലുവിന്‍റെ രീതിയെന്ന് സംഘടന ആരോപിച്ചു. ഇതിനായി ജീവനക്കാരെ മർദിച്ചും അസഭ്യം പറഞ്ഞും കുറ്റം സമ്മതിപ്പിക്കാൻ ശ്രമിക്കുകയാണെന്നും സംഘടന പറഞ്ഞു.
സെക്രട്ടേറിയറ്റ് ജീവനക്കാർക്കെതിരെ അന്യായമായി ഉയരുന്ന കൈകൾ പിന്നീട് അവിടെ ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്താൻ കരുത്തുള്ള പ്രസ്ഥാനമാണ് എംപ്ലോയീസ് അസോസിയേഷനെന്ന് നോട്ടീസിൽ പറയുന്നു. ഇത്തരത്തിലുള്ള നടപടി തുടർന്നാൽ പരസ്യ പ്രതിഷേധം നടത്തുമെന്നും നോട്ടീസിൽ അസോസിയേഷൻ വ്യക്തമാക്കുന്നു. അസിസ്റ്റന്‍റ് പ്രോട്ടോകോൾ ഓഫീസർ ഹരികൃഷ്ണനെ കസ്റ്റംസ് മർദ്ദിച്ചതായി ആരോപിച്ച് അസോസിയേഷൻ ഡിജിപി ലോക്‌നാഥ് ബെഹ്റയ്ക്ക് പരാതിയും നൽകി. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി വിളിച്ചപ്പോഴാണ് ഹരികൃഷ്ണനെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തതതെന്നാണ് പരാതിയില്‍ പറയുന്നത്. ചീഫ് സെക്രട്ടറിക്കും ജീവനക്കാരുടെ സംഘടന പരാതി നൽകിയിട്ടുണ്ട്.