തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട കേസിൽ വീണ്ടും രാസപരിശോധന റിപ്പോർട്ട് സമർപ്പിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഫോറൻസിക് വിഭാഗം റിപ്പോർട്ട് സമർപ്പിച്ചത്. ഷോർട്ട് സർക്യുട്ട് കാരണമല്ല സെക്രട്ടേറിയേറ്റിൽ തീപിടിത്തം ഉണ്ടായതെന്ന ആദ്യ റിപ്പോർട്ടിലെ അതേ കണ്ടെത്തൽ തന്നെയാണ് ഇത്തവണയും റിപ്പോർട്ടിൽ ഉള്ളത്.
ഫോറൻസിക് സംഘം സമർപ്പിച്ച മറ്റൊരു റിപ്പോർട്ടിൽ തീപിടിത്തം ഉണ്ടായ പ്രോട്ടോകോൾ വിഭാഗത്തിൽ നിന്നും മദ്യത്തിന്‍റെ അംശമുള്ള രണ്ട് കുപ്പികകൾ കണ്ടെത്തിയതായും പറയുന്നു. ഇതോടെ ഫയലുകൾ കത്തിനശിച്ചതിൽ ദുരൂഹത ഉണ്ടെന്ന പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം ശക്തമാകും. സെക്രട്ടേറിയേറ്റിലെ പ്രോട്ടോകോൾ ഓഫീസിൽ കഴിഞ്ഞ ഓഗസ്റ്റ് 25 നാണ് തീപിടിത്തം ഉണ്ടായത്. സെക്രട്ടറിയേറ്റിൽ സംഭവിച്ചത് ഷോർട്ട് സർക്യുട്ടാണെന്ന സർക്കാർ വാദം രണ്ടാം തവണയാണ് ഫോറൻസിക് സംഘത്തിലെ ഭൗതിക-രസതന്ത്ര വിഭാഗം തള്ളുന്നത്. ഓഫീസിൽ പെട്രോൾ, ഡീസൽ, മണ്ണെണ്ണ എന്നിവയുടെ സാനിധ്യം ഉണ്ടോ എന്നായിരുന്നു രസതന്ത്ര വിഭാഗം പരിശോധിച്ചത്. ആദ്യ റിപ്പോർട്ട് സമർപ്പിച്ച് ഒരു മാസം തികയുമ്പോഴാണ് ഫോറൻസിക് സംഘത്തിന്‍റെ രണ്ടാം റിപ്പോർട്ടും സർക്കാരിന് എതിരാകുന്നത്.