തിരുവനന്തപുരം : ആദ്യ വന്ദേഭാരത് എക്‌സ്‌പ്രസിന് പിന്നാലെ രണ്ടാം വന്ദേഭാരത് ട്രെയിനും കാസർകോട് മുതൽ തിരുവനന്തപുരം വരെ സർവീസ് നടത്തും. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പ് ഇന്ന് ഉണ്ടാകും. 24 ന് ‘മൻകി ബാത്ത്’ പ്രഭാഷണത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ അടക്കം രാജ്യത്ത് വിവിധ റൂട്ടുകളിലായി ഒന്‍പത് വന്ദേഭാരത് സർവീസുകൾ വിഡിയോ കോൺഫറൻസ് വഴി ഫ്ലാഗ് ഓഫ് ചെയ്യും.
കാസർകോട് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കാണ് ട്രെയിൻ സർവീസ് നടത്തുക എന്നാണ് സൂചന. രാവിലെ കാസർകോട് നിന്നും പുറപ്പെട്ട് വൈകിട്ട് തിരുവനന്തപുരം എത്തുന്ന രീതിയിൽ ആയിരിക്കും സമയ ക്രമീകരണം. ഇത് സംബന്ധിച്ചു അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. ചർച്ച നടക്കുകയാണെന്നാണ് റെയിൽവേയുടെ വിശദീകരണം.
ഉദ്ഘാടന ദിവസം ടിക്കറ്റ് ബുക്ക് ചെയ്‌തുള്ള യാത്രയ്ക്ക് അവസരമുണ്ടാകില്ല. ആദ്യ വന്ദേഭാരതിന്‍റെ ഫ്ലാഗ് ഓഫ് ദിനത്തിലെ സർവീസിനു സമാനമായ തരത്തിൽ ജനപ്രതിനിധികളും വിശിഷ്‌ട വ്യക്തികളും ക്ഷണിക്കപ്പെട്ട അതിഥികളും ഉൾപ്പെടെയുള്ളവരുടെ യാത്ര ആയിരിക്കും ഉണ്ടാവുക. യാത്ര സർവീസ് 26 ന് ആരംഭിക്കുമെന്നാണ് സൂചന. ചെന്നൈയിൽ ഉള്ള വന്ദേഭാരത് ട്രെയിൻ ഉടൻ കേരളത്തിൽ എത്തിക്കും.
ഇതിനു മുന്നോടിയായി ചെന്നൈ ബേസിൻ ബ്രിഡ്‌ജിൽ നിന്നും കാട്‌പാടിയിലേക്ക് വന്ദേഭാരത് പരീക്ഷണ ഓട്ടം നടത്തിയിരുന്നു. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഷനിൽ പ്ലാറ്റ്‌ഫോം ലഭ്യതക്കുറവുണ്ടെങ്കിൽ ആദ്യഘട്ടത്തിൽ കൊച്ചുവേളി വരെയായിരിക്കും സർവീസ് എന്നും സൂചനയുണ്ട്.
കേരളത്തെ കൂടാതെ മറ്റു രണ്ടു വന്ദേഭാരത് സർവീസുകൾ കൂടി ദക്ഷിണ റെയിൽവേയ്ക്ക് അനുവദിച്ചിട്ടുണ്ട്. ചെന്നൈ സെൻട്രൽ-വിജയവാഡ, ചെന്നൈ എഗ്മോർ-തിരുനൽവേലി സർവീസുകളാണ് മറ്റു രണ്ടെണ്ണം. നേരത്തെ മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ ആണ് രണ്ടാം വന്ദേഭാരത് സർവീസ് നടത്തുക എന്ന സൂചനകൾ പുറത്തു വന്നിരുന്നു. ഇതിന്‍റെ ഭാഗമായി ഉന്നതതല ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്താൻ എത്തിയിരുന്നു
വിഷുക്കൈനീട്ടമായി ഒന്നാം വന്ദേഭാരത് തന്നപ്പോൾ ഓണ സമ്മാനമായി രണ്ടാം വന്ദേഭാരത് നൽകുമെന്നായിരുന്നു നേതാക്കളുടെ അവകാശ വാദം. എന്നാൽ ദക്ഷിണ റെയിൽവേക്ക് നൽകാനിരുന്ന രണ്ടാം വന്ദേഭാരത് ഗോവയിലേക്ക് പോകുമെന്നും പ്രചരണം ഉണ്ടായി. ഇതിൽ വ്യക്തത വരുത്തിയിരിക്കുകയാണ് റെയിൽവേ.
രാവിലെ 7 മണിക്ക് കാസർകോട് നിന്ന് യാത്ര തുടങ്ങുന്ന വന്ദേഭാരത് തിരുവനന്തപുരത്ത് വൈകിട്ട് 3:05 എത്തും. തിരുവനന്തപുരത്തു നിന്ന് വൈകിട്ട് 4:05 ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 11:55 ന് കാസർകോട് എത്തും. ആഴ്‌ചയിൽ ആറു ദിവസമായിരിക്കും സർവീസ് ഉണ്ടാവുക.
പ്രതീക്ഷിക്കുന്ന സ്‌റ്റോപ്പുകൾ എത്തുന്ന സമയം
- കാസർകോട് - 07.00 AM
- കണ്ണൂർ - 08:03 AM
- കോഴിക്കോട് - 09:03 AM
- ഷൊർണൂർ - 10:03 AM
- തൃശൂർ - 10:38 AM
- എറണാകുളം സൗത്ത് - 11:45 AM
- ആലപ്പുഴ - 12:38 PM
- കൊല്ലം - 01:55 PM
- തിരുവനന്തപുരം - 03:05 PM
വന്ദേഭാരതിനെ കൂടുതൽ ജനപ്രിയമാക്കുന്നതിനായി സ്ലീപ്പർ ട്രെയിനുകളും മെട്രോ ട്രെയിനുകളും വന്ദേഭാരതത്തിൽ ഉൾപ്പെടുത്തുമെന്നാണ് പുതിയ പ്രഖ്യാപനം. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ആദ്യ പതിപ്പ് ഉടൻ പുറത്തിറക്കുമെന്ന് ഇന്ത്യൻ റെയിൽവേ അധികൃതർ അറിയിച്ചിട്ടുണ്ട്. അടുത്ത വർഷം മാർച്ചിൽ ആയിരിക്കും സ്ലീപ്പർ ട്രെയിനുകൾ പുറത്തിറക്കുക.