തിരുവനന്തപുരം: സീറ്റ് വിഭജന ചർച്ചകളിലേക്ക് കടന്ന് ഇടത് മുന്നണി. നാളെ ജോസ് കെ മാണിയുമായി സിപിഎം നേതൃത്വം ചർച്ച നടത്തും. എകെജി സെന്‍ററിലാണ് സീറ്റ് വിഭജന ചർച്ചകൾ നടക്കുക. നിയമസഭ തെരഞ്ഞെടുപ്പിൽ 13 സീറ്റുകളാണ് കേരള കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. സിപിഎം മത്സരിക്കുന്നത് കൂടാതെ മറ്റ് ഘടകക്ഷികൾ മത്സരിക്കുന്ന സീറ്റുകളും ജോസ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് സിപിഐയുമായി സിപിഎം പ്രാഥമിക ചർച്ചകൾ നടത്തിയിരുന്നു.
മധ്യകേരളത്തിൽ കൂടുതൽ സീറ്റുകൾ വിട്ടു കൊടുക്കുന്നതിന് സിപിഎം തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്‌ണൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും. ഇടതുമുന്നണിയുടെ മേഖലാ ജാഥകൾ അവസാനിക്കുന്നതിനൊപ്പം സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കാനാണ് മുന്നണി നേതൃത്വത്തിൻ്റെ ശ്രമം.
എൻസിപിയുടെ സീറ്റുകളുടെ കാര്യത്തിലാണ് കൂടുതൽ ചർച്ചകൾ ആവശ്യമായി വരിക. നാലു സീറ്റുകളാണ് നിലവിൽ എൻസിപിക്ക് ഉള്ളത്. എന്നാൽ പാലാ സീറ്റിൽ മത്സരിച്ച മാണി സി കാപ്പൻ ഇടതുമുന്നണി വിട്ട് യുഡിഎഫിൽ എത്തിയതോടെ എൻസിപിക്ക് ഈ സീറ്റ് നൽകാൻ സാധ്യതയില്ല. മറ്റ് ഘടക കക്ഷികൾക്കും മത്സരിക്കാനുള്ള സീറ്റുകളുടെ എണ്ണത്തിൽ കുറവുണ്ടാകും എന്ന സൂചന സിപിഎം നൽകിയിട്ടുണ്ട്.