തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് എല്‍ഡിഎഫില്‍ തുടക്കം. ഘടക കക്ഷികളുമായുള്ള സിപിഎമ്മിന്‍റെ ഉഭയ കക്ഷി ചര്‍ച്ചകള്‍ക്കാണ് ഇന്ന് തുടക്കമായത്. ഇടതു മുന്നണി യോഗത്തിന് ശേഷം സിപിഐയുമായും കേരള കോണ്‍ഗ്രസ് എമ്മുമായും സിപിഎം നേതാക്കള്‍ ചര്‍ച്ച നടത്തി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍ എന്നിവർ ചര്‍ച്ചകളില്‍ പങ്കെടുത്തു. കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് ജോസ് കെ. മാണിയും ചര്‍ച്ചയില്‍ പങ്കെടുത്തു.
കേരള കോണ്‍ഗ്രസ് മുന്നണിയിലെത്തിയ സാഹചര്യത്തില്‍ സിപിഐ മത്സരിക്കുന്ന സീറ്റുകള്‍ വിട്ടുകൊടുക്കുന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ച. ഏതൊക്കെ സീറ്റുകൾ വിട്ടുകൊടുക്കേണ്ടി വരും എന്നത് സംബന്ധിച്ചുള്ള പ്രാഥമിക ചര്‍ച്ചയാണ് ഇന്ന് നടന്നത്. പത്ത് സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കണമെന്ന നിലപാടാണ് സിപിഎം മുന്നോട്ടു വച്ചത്. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്ന് ജോസ് കെ. മാണി വ്യക്തമാക്കി. കൂടുതല്‍ ചര്‍ച്ചകള്‍ എല്‍ഡിഎഫിന്‍റെ മേഖലാ ജാഥകള്‍ക്കിടയില്‍ നടക്കും. തര്‍ക്കങ്ങളില്ലാതെ വേഗത്തില്‍ സീറ്റ് വിഭജനം നടത്താനാണ് സിപിഎമ്മിന്‍റെ ശ്രമം.
കൂടുതൽ വായിക്കാൻ: തെരഞ്ഞെടുപ്പിന് തയ്യാറെടുത്ത് എല്‍ഡിഎഫ്; മേഖലാ ജാഥകള്‍ 13ന് തുടങ്ങും