തിരുവനന്തപുരം: അവധിക്കാലം എന്നും ആഘോഷമാക്കിയിരുന്നു കേരളത്തിലെ സ്കൂള്‍ കുട്ടികള്‍. പക്ഷേ കഴിഞ്ഞ ഒന്നര വര്‍ഷം അവര്‍ക്ക് വിരസതയുടെ നാളുകളായിരുന്നു. 20 മാസത്തിനുശേഷം പഠനമുറ്റത്ത് എത്തിയ ശിഷ്യരെ അധ്യാപകര്‍ ആഘോഷത്തോടെ സ്വീകരിച്ചപ്പോള്‍ ഒരു ചരിത്രം കൂടി പിറന്നു.
പ്രവേശനോത്സവത്തില്‍ എല്ലാ വര്‍ഷവും മിഠായും പൂക്കളുമായാണ് അധ്യാപകര്‍ കുഞ്ഞുങ്ങളെ സ്വീകരിച്ചരുന്നതെങ്കില്‍ ഇക്കുറിയത് സാനിറ്റൈസറും തെര്‍മല്‍ സ്കാനറുമായി. പിന്നെ പഠനക്കിറ്റും കിട്ടി. ഒന്നാം ക്ലാസുകാരനും ആദ്യമായി സ്കൂളിലെത്തിയ രണ്ടാം ക്ലാസുകാരനും ഒട്ടു അപരചിതരല്ല. കഴിഞ്ഞ കുറേ മാസങ്ങളായി അവര്‍ ഓണ്‍ലൈൻ സുഹൃത്തുക്കളാണ്.
പക്ഷേ എല്ലാ കൂട്ടുകാരെയും ഒരുമിച്ച് കാണാൻ ഇനിയും അവര്‍ക്ക് കാത്തിരിക്കണം. കൊവിഡ് മാനദണ്ഡത്തിന്‍റെ ഭാഗമായി ഒരു ഷിഫ്റ്റില്‍ 20 പേരെ മാത്രമേ പ്രവേശിപ്പിക്കൂ. മൊബൈല്‍ സ്ക്രീനില്‍ മാത്രം കണ്ടുപരിചയിച്ച ശിഷ്യരെ നേരില്‍ കണ്ടപ്പോള്‍ അധ്യാപകര്‍ക്കും സന്തോഷം മറച്ചു വയ്ക്കാനായില്ല.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇനിയും ഒരു വിഭാഗം രക്ഷിതാക്കാള്‍ കുഞ്ഞുങ്ങളെ സ്കൂളിലയക്കാൻ സമ്മതപത്രം നല്‍കിയിട്ടില്ല. മുഴുവൻ കുട്ടികളെയും സ്കൂളിലെത്തിക്കാനുള്ള പ്രവര്‍ത്തനത്തിലാണ് അധ്യാപകര്‍. എന്നാല്‍ ആരേയും നിര്‍ബന്ധിക്കേണ്ടതില്ലെന്ന നിലപാടില്‍ തന്നെയാണ് വിദ്യാഭ്യാസ വകുപ്പ്.