തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കി വിദ്യാഭ്യാസ വകുപ്പ്. ഇത് സംബന്ധിച്ച മാര്‍ഗരേഖയില്‍ ഏകദേശ ധാരണയായിതായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. ഒക്‌ടോബര്‍ അഞ്ചാം തീയതി മാർഗരേഖ പുറത്തിക്കും. ആരോഗ്യ വകുപ്പുമായി ചര്‍ച്ച ചെയ്‌ത ശേഷമാകും മാര്‍ഗരേഖ അന്തിമമായി പ്രഖ്യാപിക്കുക. മന്ത്രിതല ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ മന്ത്രി വീണ ജോര്‍ജുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയ വിദ്യാഭ്യാസ മന്ത്രി ഇന്ന്(28.09.21) വൈകുന്നേരം അഞ്ച് മണിക്ക് ഗതാഗത മന്ത്രിയുമായി ചര്‍ച്ച നടത്തും. സ്‌കൂള്‍ ബസുകളുടെ ഫിറ്റ്നസ് സംബന്ധിച്ച കാര്യങ്ങള്‍, വിദ്യാര്‍ഥികള്‍ളുടെ യാത്ര പ്രശ്‌നം പരിഹരിക്കുന്നതിന് കെഎസ്ആര്‍ടിസി ബോണ്ട് സര്‍വീസ് നടത്തുന്നതും വിദ്യാര്‍ഥികള്‍ക്കുള്ള കണ്‍സഷന്‍ തുടങ്ങിയ കാര്യങ്ങളും ചര്‍ച്ച ചെയ്യും.
രണ്ട് ഷിഫ്റ്റുകളിലായി ക്ലാസുകള്‍ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം. ഇതനുസരിച്ചാണ് മാര്‍ഗരേഖ തയാറാക്കിയിരിക്കുന്നത്. ഒരു ബെഞ്ചില്‍ ഒന്നോ പരമാവധി രണ്ടോ കുട്ടികളെയായിരിക്കും ഇരുത്തുക. ഒന്നിടവിട്ട് ദിവസങ്ങളില്‍ ഉച്ചവരെയായിരിക്കും ക്ലാസുകള്‍ നടക്കുക. ഇതിന് സമാന്തരമായി തന്നെ വിക്‌ടേഴ്‌സ് ചാനലൂടെയും ഓണ്‍ലൈനിലൂടെയും ക്ലാസുകളും തുടരും.
അതുകൊണ്ട് തന്നെ സ്‌കൂളുകളില്‍ എത്തുന്ന കുട്ടികളുടെ എണ്ണം കുറവായിരിക്കമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ വിലയിരുത്തല്‍. അധ്യാപക-വിദ്യാർഥി സംഘടനകളുമായി അടുത്ത ദിവസം ഓണ്‍ലൈനായി യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു. സ്‌കൂളുകള്‍ തുറക്കുന്നതിന് ഐസിഎംആറും അനുമതി നല്‍കിയിട്ടുണ്ട്. ആദ്യം പ്രൈമറി ക്ലാസ്, പിന്നീട് സെക്കന്‍ററി ക്ലാസുകള്‍ എന്നിങ്ങനെ തുറക്കാമെന്നാണ് ഐസിഎംആര്‍ വിദഗ്‌ധരുടെ നിര്‍ദേശം. ഇതനുസരിച്ചാണ് വിദ്യാഭ്യാസ വകുപ്പ് മാര്‍ഗരേഖ തയാറാക്കുന്നത്.