തിരുവനന്തപുരം: 2023-24 അധ്യയനവർഷത്തെ സംസ്ഥാനത്തെ സ്‌കൂൾ പാർലമെന്‍റ് തെരഞ്ഞെടുപ്പ് ഡിസംബർ നാലിന്. നേരത്തെ ഡിസംബർ ഒന്നിന് ആയിരുന്നു പാർലമെന്‍റ് തെരഞ്ഞെടുപ്പ് തീരുമാനിച്ചിരുന്നതെങ്കിലും സംസ്ഥാന സ്‌കൂൾ ശാസ്ത്രമേള നവംബർ 30 മുതൽ ഡിസംബർ 3 വരെ നടക്കുന്നതിനാലാണ് തീയതി മാറ്റിയത് (School Parliament election on 4th December).
മറ്റു തീയതികൾ :
- തെരഞ്ഞെടുപ്പ് പത്രിക സമർപ്പിക്കേണ്ട അവസാന തീയതി- 27/11/2023 ഉച്ചയ്ക്ക് മൂന്ന് മണിവരെ.
- നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി- 28/11/23 ഉച്ചയ്ക്ക് മൂന്ന് മണിവരെ.
- മത്സരാർത്ഥികളുടെ ലിസ്‌റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി-29/11/23
- തെരഞ്ഞെടുപ്പ് തീയതി - 04/12/2023
അതേസമയം സ്‌കൂൾതല പാർലമെന്‍റ് തെരഞ്ഞെടുപ്പ് യാതൊരു രാഷ്ട്രീയ പാർട്ടികളുടെയും ഇടപെടലുകൾ ഇല്ലാതെയാവണമെന്ന് വിദ്യാഭ്യാസ ഡയറക്‌ടർ പ്രിൻസിപ്പൽമാർക്ക് അയച്ച ഉത്തരവിൽ പറയുന്നു.
വിദ്യാർത്ഥികളുടെ അധ്യായനത്തെ തടസ്സപ്പെടുത്തുന്നതും ബാധിക്കുന്നതുമായ രീതിയിൽ സ്‌കൂളിന് പുറത്തോ അകത്തോ കക്ഷിരാഷ്ട്രീയ യോഗങ്ങൾ ചേരാൻ വിദ്യാർത്ഥികൾക്കോ വിദ്യാർത്ഥി സംഘടനകൾക്കോ അനുവാദം ലഭിക്കുന്നില്ലെന്ന് പ്രധാനാധ്യാപകർ ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു.