തിരുവനന്തപുരം: എസ്.ബി.ഐ തിരുവനന്തപുരം സ്റ്റാച്യു ശാഖ ആക്രമണ കേസ് പരിഗണിക്കുന്നത് ജൂണ്‍ 23ലേക്ക് നീട്ടി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. 2019 ജനുവരി ഒമ്പതിന് ഇടതു സംഘടനകൾ നടത്തിയ ദേശിയ പണിമുടക്ക് ദിവസമായിരുന്നു ബാങ്കില്‍ ആക്രമണം നടന്നത്. പണിമുടക്ക് ദിവസം തുറന്ന് പ്രവര്‍ത്തിച്ച ബാങ്കിലേക്ക് പണിമുടക്ക് അനുകൂലികള്‍ ആക്രമണം നടത്തുകയായിരുന്നു.
ആക്രമണത്തിൽ ബാങ്കിന്‍റെ മൊബൈൽ ഫോൺ, ലാൻഡ് ഫോൺ, മാനേജരുടെ ക്യാബിൻ എന്നിവ നശിപ്പിക്കപ്പെട്ടു. സമരക്കാര്‍ ബാങ്കിന് 1,33,000 രൂപയുടെ നാശനഷ്ടം വരുത്തി എന്നും കുറ്റപത്രത്തിൽ പൊലീസ് പറയുന്നു. എന്നാൽ ബാങ്ക് മാനേജർ നൽകിയ പരാതിയിൽ ബാങ്കിന് ഒന്നര ലക്ഷം രൂപയുടെ നഷ്ടം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സിഐടിയു തൈക്കാട് ഏരിയ കമ്മിറ്റി സെക്രട്ടറിയായിരുന്നു അശോക്, എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഹരിലാൽ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനായ പി.കെ വിനുകുമാർ, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥനും എന്‍ജിഒ യൂണിയന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റുമായിരുന്ന അനിൽ കുമാർ ഉൾപ്പെടെ എട്ടു പേരാണ് കേസിലെ കുറ്റാരോപിതര്‍. കേസിലെ എല്ലവര്‍ക്കും ഹൈക്കോടതി നേരത്തെ ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.