തിരുവനന്തപുരം : നായര്‍ സമുദായക്കാരാണ് തന്‍റെ ഓഫിസില്‍ കൂടുതല്‍ എന്ന ആക്ഷേപം ഉയര്‍ന്നിരുന്നുവെന്നും അതോടെ മറ്റ് ജാതിക്കാരെ തെരഞ്ഞുപിടിച്ച് നിയമിക്കുകയായിരുന്നുവെന്നും ശശി തരൂര്‍ എംപി. നിയമസഭ പുസ്‌തകോത്സവത്തിലാണ് പരാമര്‍ശം. താന്‍ രാഷ്‌ട്രീയത്തിലേക്ക് വരുമ്പോള്‍ ഓഫിസില്‍ മുഴുവന്‍ നായന്മാരാണെന്ന ആക്ഷേപം പലരും ഉന്നയിച്ചു.
എന്നാൽ അവരുടെ കഴിവുകണ്ടിട്ടാണ് പലരേയും നിയമിച്ചത്. അവര്‍ തനിക്ക് വേണ്ടി സേവനം ചെയ്യാന്‍ തയ്യാറുമായിരുന്നു. ഒരു നിമിഷം പോലും അവരോട് ജാതി ചോദിച്ച് ഞാൻ സംസാരിച്ചിട്ടില്ല. ആക്ഷേപം ഉയർന്നുവന്നതോടെ തെരഞ്ഞുപിടിച്ച് മറ്റ് ജാതികളില്‍പ്പെട്ടവരെയും നിയമിച്ചു. സമൂഹത്തില്‍ ജാതിബോധം വളര്‍ത്തിയത് രാഷ്ട്രീയക്കാരാണെന്നും ശശി തരൂര്‍ പറഞ്ഞു.
പെരുന്നയില്‍ മന്നം ജയന്തി ആഘോഷത്തിൽ പങ്കെടുത്ത ശശി തരൂര്‍ 80 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മന്നത്ത് പത്മനാഭന്‍ പറഞ്ഞ 'ഒരു നായര്‍ക്ക് മറ്റൊരു നായരെ കണ്ടുകൂടാ' എന്ന പ്രസ്‌താവന ഉദ്ധരിച്ചിരുന്നു. ഇത് ശരിയാണെന്നും ഇതെല്ലാം താൻ രാഷ്ട്രീയത്തില്‍ അനുഭവിക്കുകയാണെന്നുമുള്ള തരൂരിന്‍റെ പരാമര്‍ശം പിന്നീട് വിവാദവുമായിരുന്നു.