തിരുവനന്തപുരം: ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് സംസ്ഥാന പൊലീസ് മേധാവിയായി നിയമിതനായതിനെ തുടര്‍ന്ന് ഒഴിവുവന്ന ഫയര്‍ഫോഴ്‌സ് മേധാവി സ്ഥാനത്തേക്ക് കോസ്റ്റല്‍ എഡിജിപി സഞ്ജീവ് കുമാര്‍ പട്‌ജോഷിയെ നിയമിച്ചു. സഞ്ജീവ് കുമാര്‍ പട്‌ജോഷിക്ക് ഡിജിപിയായി സര്‍ക്കാര്‍ സ്ഥാന കയറ്റവും നല്‍കി. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള സംസ്ഥാന കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥരായ ഹരിനാഥ് മിശ്ര, രാവാഡാ ചന്ദ്രശേഖര്‍ എന്നിവര്‍ക്കും ഡിജിപിയായി സ്ഥാന കയറ്റം നല്‍കിയിട്ടുണ്ട്.
ഇരുവരും ഇന്റലിജന്‍സ് ബ്യൂറോയില്‍ അഡീഷണല്‍ ഡയറക്‌ടര്‍മാരാണ്. ഒരു വര്‍ഷത്തെ അവധി പൂര്‍ത്തിയാക്കി സര്‍വീസിലേക്ക് മടങ്ങിയെത്തിയ ഐപിഎസ് ദമ്പതിമാരായ സതീഷ് ബിനോ, അജിതാ ബീഗം എന്നിവര്‍ക്ക് പുതിയ പദവികള്‍ അനുവദിച്ചു. സതീഷ് ബിനോയെ പൊലീസ് ആസ്ഥാനത്ത് ഭരണ വിഭാഗം ഡിഐജിയായും അജിതാ ബീഗത്തെ തൃശൂര്‍ റേഞ്ച് ഡിഐജിയായും നിയമിച്ചു. കല്‍പ്പറ്റ എഎസ്പി തപോഷ് ബസുമതാറിയെ ഇരിട്ടി എഎസ്പിയായും, കൊണ്ടോട്ടി എഎസ്പി ബിവി വിജയഭാരത് റെഡിയെ വര്‍ക്കല എസ്പിയായും നിയമിച്ചു.
അടുത്തിടെയാണ് ഫയര്‍ ഫോഴ്‌സ് ഡിജിപി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് പുതിയ സംസ്ഥാന പൊലീസ് മേധാവിയായി നിയമിതനായത്. ഡോ. വി.പി.ജോയി വിരമിച്ച ഒഴിവില്‍ സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന ഡോ.വി.വേണുവും ചുമതലയേറ്റു. 1990 ബാച്ച് സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരാണ് ഡോ.വി.വേണുവും ഡോ.ഷെയ്ക്ക് ദര്‍വേസ് സാഹിബും. ഡോ.വേണു കോഴിക്കോട് സ്വദേശിയും ഡോ.ഷെയ്ക്ക് ദര്‍വേസ് സാഹിബ് ആന്ധ്ര സ്വദേശിയുമാണ്.
നെടുമങ്ങാട് എഎസ്‌പിയായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഡോ.ഷെയ്ക്ക് ദര്‍വേസ് സാഹിബ് കേരള പൊലീസില്‍ നിയമവും ചട്ടവും മാത്രം നോക്കി തീരുമാനമെടുക്കുന്ന സത്യസന്ധനായ ഉദ്യോഗസ്ഥന്‍ എന്നു പേരെടുത്ത ആളാണ്. കേരള പൊലീസില്‍ ഒരു രാഷ്‌ട്രീയ ഇടപെടലുകള്‍ക്കും വഴങ്ങികൊടുക്കാത്ത ഉദ്യോഗസ്ഥന്‍ എന്ന് പൊതുവെ ഖ്യാതി നേടിയ ആളാണ് പൊലീസ് മേധാവി സ്ഥാനത്ത് നിയമിതനായ ഡോ.ഷെയ്ക്ക് ദര്‍വേസ് സാഹിബ്. കേരള കേഡറില്‍ നെടുമങ്ങാട് എഎസ്‌പിയായി സര്‍വീസ് ആരംഭിച്ച അദ്ദേഹം വയനാട്, കാസര്‍കോട്, കണ്ണൂര്‍, പാലക്കാട്, റെയില്‍വേസ്, സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്‌പിയായും എംഎസ്‌പി, കെഎപി രണ്ടാം ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ കമാണ്ടന്‍റ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പാലാ സബ് കലക്‌ടറായാണ് ഡോ വി.വേണു ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ടൂറിസം വകുപ്പ് സെക്രട്ടറിയായിരിക്കേ വിനോദ സഞ്ചാര മേഖലയില്‍ പിപിപി മോഡലും ഉത്തരവാദിത്ത ടൂറിസവും നടപ്പാക്കിയ ഉദ്യോഗസ്ഥനാണ് അദ്ദേഹം. പ്രളയ പുനര്‍നിര്‍മാണത്തിന്‍റെ ഭാഗമായി സര്‍ക്കാര്‍ നടപ്പാക്കിയ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് തലവനായി സര്‍ക്കാര്‍ നിയമിച്ചതും ഡോ.വേണുവിനെയായിരുന്നു. തദ്ദേശ ഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ് അദ്ദേഹത്തിന്‍റെ ഭാര്യ.