തിരുവനന്തപുരം: മണൽ മാഫിയയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഗീതിന്‍റെ മൃതദേഹം നിറകണ്ണുകളോടു കൂടിയാണ് ഗ്രാമം ഏറ്റുവാങ്ങിയത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോര്‍ട്ടം നടപടികൾക്ക് ശേഷം വിലാപയാത്രയായാണ് അമ്പലത്തുംകാലയിലെ സംഗീതിന്‍റെ വീട്ടിൽ മൃതദേഹം എത്തിച്ചത്. കാട്ടാക്കട എംഎൽഎ ഐ.ബി സതീഷ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും, രാഷ്ട്രീയ-സാമൂഹ്യ രംഗത്തെ നിരവധി പേരും അന്തിമോപചാരമർപ്പിക്കാൻ എത്തി.
വെള്ളിയാഴ്ച പുലർച്ചെയാണ് സംഗീതിന്‍റെ വീടിന് പുറകിൽനിന്നും മണ്ണ് മോഷ്ടിക്കാൻ മാഫിയകൾ എത്തിയത്. ഇതു തടയാൻ ശ്രമിക്കുന്നതിനിടയിൽ മണ്ണുമാന്തിയന്ത്രം കൊണ്ട് അടിയേറ്റാണ് സംഗീത് മരിച്ചത്. സംഭവത്തിൽ ആറ് പേർക്കെതിരെ കാട്ടാക്കട പോലീസ് കേസെടുത്തു. ജെസിബി ഡ്രൈവർ വിജിൻ ഇന്നലെ പൊലീസിന് മുന്നിൽ കീഴടങ്ങി. മുഖ്യപ്രതികളായ ഉത്തമൻ, സജു എന്നിവർ ഒളിവിലാണ്. ഇവർ തമിഴ്‌നാട്ടിലേക്ക് കടന്നുവെന്നാണ് സൂചന. അതേസമയം പ്രതികളെ പിടികൂടാൻ സാധിക്കാത്തതിൽ പൊലീസിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്.