തിരുവനന്തപുരം: കാബിനറ്റ് പദവിയില്‍ ഡല്‍ഹിയിലെ സര്‍ക്കാര്‍ പ്രതിനിധിയാക്കി നിയമിച്ചു കൊണ്ടുള്ള മന്ത്രിസഭ തീരുമാനത്തിനെ സ്വാഗതം ചെയ്യുന്നുവെന്നും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയിലെ കണ്ണിയായി പ്രവര്‍ത്തിക്കുമെന്നും മുന്‍ എം പി ഡോ. എ സമ്പത്ത്. പാര്‍ട്ടിയും സര്‍ക്കാരും ഏല്‍പ്പിക്കുന്ന ചുമതല കൃത്യമായി നിര്‍വഹിക്കുമെന്നും തെരഞ്ഞെടുപ്പുകളില്‍ ജയവും പരാജയവും സ്വാഭാവികമാണെന്നും സമ്പത്ത് പറഞ്ഞു. സര്‍ക്കാര്‍ ഉത്തരവ് വന്നാല്‍ മാത്രമേ ചുമതല എന്താണെന്നും എന്തൊക്കെ ചെയ്യണമെന്നും അറിയാന്‍ സാധിക്കൂവെന്നും അദ്ദേഹം അറിയിച്ചു.
സമ്പത്തിനെ സംസ്ഥാന സര്‍ക്കാരിൻ്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചതിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും ഡല്‍ഹിയില്‍ ഇത്തരം പ്രതിനിധികള്‍ ഉണ്ടെന്നും അത് ഫലപ്രദമാണെന്ന് കണ്ടതിനാലാണ് കേരളത്തിലും അത്തരമൊരു പദവി സൃഷ്ടിച്ചതെന്നുമാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ പുതിയ പദവി ആര്‍ഭാടമാണെന്നും സര്‍ക്കാര്‍ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കെപിസിസി പ്രസിഡൻ്റ് മുല്ലപ്പളളി രാമചന്ദ്രന്‍ പറഞ്ഞു. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുന്‍ കെപിസിസി പ്രസിഡൻ്റ് വി എം സുധീരനും രംഗത്ത് വന്നിരുന്നു.