തിരുവനന്തപുരം: മന്ത്രിസ്ഥാനത്തേക്ക് മടങ്ങിയെത്തുന്ന സജി ചെറിയാന് പഴയ വകുപ്പുകള്‍ തന്നെ ലഭിച്ചേക്കും. ഭരണഘടനാവിരുദ്ധ പരാമര്‍ശത്തിന്‍റെ പേരില്‍ രാജിവയ്‌ക്കുമ്പോള്‍ സാംസ്‌കാരികം, ഫിഷറീസ്, യുവജനകാര്യം തുടങ്ങിയ വകുപ്പുകളാണ് സജി ചെറിയാന്‍ കൈകാര്യം ചെയ്‌തിരുന്നത്. സജി ചെറിയാന്‍റെ രാജിക്ക് ശേഷം പുതിയ മന്ത്രിയെ സത്യപ്രതിജ്‌ഞ ചെയ്യിക്കാതെ വകുപ്പുകള്‍ മറ്റുള്ളവര്‍ക്ക് വിഭജിച്ചുനല്‍കുകയാണ് ചെയ്‌തിരുന്നത്.
വകുപ്പുകൾ സുരക്ഷിതം: സാംസ്‌കാരികം വി.എന്‍.വാസവനും, ഫിഷറീസ് വി.എ.അബ്‌ദു റഹിമാനും, യുവജന ക്ഷേമം മുഹമ്മദ് റിയാസിനും കൈമാറുകയായിരുന്നു. അതുകൊണ്ട് തന്നെ മന്ത്രിസഭയിലേക്ക് സജി ചെറിയാന്‍ മടങ്ങിയെത്തുമ്പോള്‍ ഈ വകുപ്പുകള്‍ തന്നെയാകും നല്‍കുക. മുഖ്യമന്ത്രിയാണ് മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിക്കുക.
തുടര്‍ന്ന് ഇതുസംബന്ധിച്ച ഫയല്‍ ഗവര്‍ണറുടെ അംഗീകാരത്തിന് വിടും. മന്ത്രിയായിരുന്നപ്പോള്‍ സജി ചെറിയാന്‍ ഉപയോഗിച്ചിരുന്ന ഔദ്യോഗിക വസതിയായ കവടിയാര്‍ ഹൗസ് സജി ചെറിയാന് ലഭിക്കില്ല. മന്ത്രി മന്ദിരമില്ലാത്തതിനാല്‍ വാടക വീട്ടില്‍ കഴിഞ്ഞിരുന്ന മന്ത്രി അബ്‌ദു റഹിമാന് ഈ വീട് അടുത്തിടെ അനുവദിച്ചിരുന്നു.
നേരത്തെ മന്ത്രിയായിരുന്നപ്പോള്‍ ഉപയോഗിച്ച അനക്‌സ് ഒന്നിലെ ഓഫിസ് ഇപ്പോള്‍ അടഞ്ഞുകിടക്കുകയാണ്. ഇത് തന്നെയാകും സജി ചെറിയാന്‍ ഇന്ന് മുതല്‍ ഉപയോഗിക്കുക. നേരത്തെ എട്ടാം നമ്പര്‍ കാറാണ് സജി ചെറിയാന്‍ ഉപയോഗിച്ചിരുന്നത്. ഈ നമ്പര്‍ മറ്റ് മന്ത്രിമാര്‍ക്കൊന്നും അനുവദിച്ചിട്ടില്ല. തിരിച്ചെത്തുമ്പോഴും ഈ നമ്പറിലുള്ള ഔദ്യോഗിക കാര്‍ തന്നെയാകും കിട്ടുക.
മന്ത്രിക്കൊപ്പം തിരിച്ചുവരാൻ പേഴ്‌സണൽ സ്‌റ്റാഫുകൾ: സജി ചെറിയാന്‍റെ പേഴ്‌സണല്‍ സ്റ്റാഫുകളുടെ കാര്യത്തിലും മാറ്റമുണ്ടാകില്ല. പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മനു സി.പുളിക്കനെ മന്ത്രി അബ്‌ദു റഹിമാന്‍റെ പ്രൈവറ്റ് സെക്രട്ടറിയാക്കിയിരുന്നു. സജി ചെറിയാന്‍ തിരികെയെത്തുമ്പോള്‍ മനു സി.പുളിക്കനും മടങ്ങിയെത്തും. മറ്റ് പേഴ്‌സണല്‍ സ്റ്റാഫുകളെ വിവിധ മന്ത്രിമാരുടെ സ്റ്റാഫിലായി പുനര്‍ വിന്യസിച്ചിരുന്നു. ഇവരും തിരികെയെത്തും.
ഗവര്‍ണർക്കുള്ള മറുപടി രാഷ്‌ട്രീയ നേതൃത്വം നൽകണം: വകുപ്പുകളുടെ കാര്യം മുഖ്യമന്ത്രി തീരുമാനിക്കുമെന്നായിരുന്നു സജി ചെറിയാന്‍റെ പ്രതികരണം. ഇക്കാര്യത്തില്‍ തനിക്ക് ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വീണ്ടും മന്ത്രിയാകുന്നതില്‍ സ്വാഭാവിക സന്തോഷമുണ്ട്. ഗവർണറുടെ തീരുമാനത്തില്‍ എന്നല്ല തനിക്ക് ഒരു കാര്യത്തിലും ആശങ്കയില്ല. ഗവര്‍ണറുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ രാഷ്‌ട്രീയ നേതൃത്വം മറുപടി നല്‍കണമെന്നും സജി ചെറിയാന്‍ പറഞ്ഞു.
വിവാദമായ പ്രസംഗം: വിവാദങ്ങളും കേസും കഴിഞ്ഞാല്‍ മന്ത്രിസ്ഥാനത്തേക്ക് സജി ചെറിയാനെ മടക്കി കൊണ്ടുവരികയെന്ന തീരുമാനം സിപിഎം നേരത്തേതന്നെ എടുത്തിരുന്നുവെന്ന് വ്യക്തമാണ്. ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് ഇന്ത്യൻ ഭരണഘടനയെന്നും മുക്കിലും മൂലയിലുമെല്ലാം കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം മതേതരത്വം എന്നെല്ലാം എഴുതിവച്ചെന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഇതിന്‍റെ ഉദ്ദേശം എന്നുമായിരുന്നു സജി ചെറിയാന്‍റെ വിവാദ പ്രസംഗം.
മല്ലപ്പള്ളിയിലെ സിപിഎം പരിപാടിയിലായിരുന്നു മന്ത്രിയുടെ പരാമർശം. തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നു. തൊഴിലാളികൾക്ക് ഭരണഘടന സംരക്ഷണം നൽകുന്നില്ലെന്നും പറഞ്ഞ മന്ത്രി കോടതികളെയും രൂക്ഷമായി വിമർശിച്ചിരുന്നു. വിഷയത്തിൽ കോടതി ഇടപെടുന്നതുവരെ രാജി വേണ്ടെന്ന നിലപാടിലേക്ക് സിപിഎം സംസ്ഥാന നേതൃത്വം എത്തിയിരുന്നെങ്കിലും കേന്ദ്ര നേതൃത്വവും ഘടകകക്ഷികളും നിലപാട് കടുപ്പിച്ചതോടെ പദവിയൊഴിയാന്‍ പാർട്ടി നിർദേശം നല്‍കുകയായിരുന്നു.
ഒടുവിൽ കുറ്റവിമുക്തൻ: തുടർന്ന് സജി ചെറിയാന് എംഎൽഎ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയിൽ വന്ന രണ്ട് ഹർജികൾ തള്ളപ്പെടുകയായിരുന്നു. പിന്നീട് അദ്ദേഹത്തെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള റിപ്പോർട്ട് പൊലീസും സമർപ്പിച്ചു. എന്നാല്‍ അദ്ദേഹത്തെ മന്ത്രി സ്ഥാനത്തേയ്‌ക്ക് തിരിച്ചെടുക്കുന്നതിന് ഗവർണറും പ്രതിപക്ഷവും ഉൾപ്പടെ വിയോജിപ്പ് പ്രകടമാക്കിയിരുന്നു.
അതൃപ്‌തി അറിയിച്ച് ഗവർണർ: സജി ചെറിയാന് സത്യപ്രതിജ്‌ഞയ്‌ക്ക് അനുമതി നൽകും മുൻപ് തന്‍റെ അതൃപ്‌തി മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ ബന്ധപ്പെട്ടും മാധ്യമങ്ങളിലൂടേയും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചിരുന്നു. നിയമ പരിശോധനകൾ കൂടി നടത്തിയ ശേഷമാണ് ഗവർണർ അനുമതി നൽകിയത്. ഇന്ന് വൈകുന്നേരം നാല് മണിക്ക് രാജ്‌ഭവനിൽവച്ചാണ് സത്യപ്രതിജ്‌ഞ.