തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ചു പ്രസംഗിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് മന്ത്രി സ്ഥാനം നഷ്‌ടമായ സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കെടുത്തു. ദൃഢ പ്രതിജ്ഞയാണ് സജി ചെറിയാന്‍ എടുത്തത്.
സിപിഎം മല്ലപ്പള്ളി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങില്‍ സജി ചെറിയാന്‍ നടത്തിയ പ്രസംഗം ഭരണഘടനയെ അധിക്ഷേപിക്കുന്നതാണെന്ന ആരോപണമുയരുകയും പിന്നാലെ പ്രതിപക്ഷം വിഷയം ഏറ്റെടുക്കുകയും ചെയ്‌തതിനെ തുടര്‍ന്നാണ് സജി ചെറിയാന് ആറു മാസം മുന്‍പ് മന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നത്. പിന്നാലെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും പ്രസംഗത്തില്‍ ഭരണഘടനയെ അധിക്ഷേപിച്ചിട്ടില്ലെന്ന് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതോടെ സജി ചെറിയാന് മന്ത്രിസഭയിലേക്ക് മടങ്ങി വരവിന് കളമൊരുങ്ങുകയായിരുന്നു.
വീണ്ടും മന്ത്രി സ്ഥാനത്തേക്ക്: റിപ്പോര്‍ട്ടിനു പിന്നാലെ സജി ചെറിയാനെ മന്ത്രിസഭയിലുള്‍പ്പെടുത്താന്‍ സിപിഎം സെക്രട്ടേറിയറ്റ് തീരുമാനിച്ചു. രണ്ടാം പിണറായി സര്‍ക്കാരില്‍ സാംസ്‌കാരികം, ഫിഷറീസ്, സിനിമ, യുവജന ക്ഷേമ മന്ത്രിയായിരുന്നു. മടങ്ങിയെത്തുന്ന സജി ചെറിയാന് ഈ വകുപ്പുകള്‍ തന്നെ ലഭിച്ചേക്കും.
സജി ചെറിയാന്‍ രാജി വച്ചെങ്കിലും അദ്ദേഹത്തിന്‍റെ ഓഫിസ് മറ്റാര്‍ക്കെങ്കിലും നല്‍കുകയോ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ പിരിച്ചു വിടുകയോ ചെയ്‌തിരുന്നില്ല. അദ്ദേഹം കൈകാര്യം ചെയ്‌തിരുന്ന വകുപ്പുകള്‍ മൂന്ന് മന്ത്രിമാര്‍ക്ക് വീതിച്ചു നല്‍കി. മന്ത്രിസഭയില്‍ തിരിച്ചെത്തിയതോടെ പഴയ ഓഫിസും പേഴ്‌സണല്‍ സ്റ്റാഫും വീണ്ടും സജീവമാകും.
കരിദിനം ആചരിച്ച് പ്രതിപക്ഷം: അതേസമയം സജി ചെറിയാനെ മന്ത്രിയാക്കിയതില്‍ പ്രതിഷേധിച്ച് യുഡിഎഫ് സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌കരിച്ച് കരിദിനം ആചരിച്ചു. കോടതിയുടെ തീര്‍പ്പിനനുസരിച്ചായിരിക്കും സജി ചെറിയാന്‍റെ ഭാവിയെന്നും ഇക്കാര്യത്തില്‍ തനിക്ക് ഉത്തരവാദിത്തമുണ്ടായിരിക്കില്ലെന്നുമുള്ള മുന്നറിയിപ്പോടെയാണ് ഗവര്‍ണര്‍ സത്യപ്രതിജ്ഞയ്ക്ക് അനുമതി നല്‍കിയതെന്നാണ് സൂചന.
സത്യപ്രതിജ്ഞ ചടങ്ങിന് മാധ്യമ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചെങ്കിലും കാമറകള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. എംബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തതു മുതലാണ് പൊതുഭരണ വകുപ്പ് രാജ്ഭവനില്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്ന് കാമറകളെ പൂര്‍ണമായി ഒഴിവാക്കുന്നത്. എന്നാല്‍ ഗവര്‍ണറാകട്ടെ രാജ്ഭവനില്‍ വച്ച് കാമറകളുടെ സാന്നിധ്യത്തില്‍ നിരവധി തവണ മാധ്യമ പ്രവര്‍ത്തകരോട് സംവദിച്ചിട്ടുമുണ്ട്.