എറണാകുളം: ജഡ്‌ജിമാരുടെ പേരിൽ കോഴ വാങ്ങിയ സംഭവത്തിൽ ആരോപണങ്ങൾ ഗൂഢാലോചനയുടെ ഭാഗമെന്ന് ആവർത്തിച്ച് അഡ്വ. സൈബി ജോസ് കിടങ്ങൂർ. ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ജഡ്‌ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന ആരോപണങ്ങൾക്ക് പിന്നിലെന്നും സൈബി ജോസ് ബാർ കൗൺസിലിന് വിശദീകരണം നല്‍കി. സൈബിയുടെ മറുപടി വിശദീകരണം ബാർ കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യും.
മറുപടി തൃപ്‌തികരമല്ല എന്നുള്ള വിലയിരുത്തല്‍ ഉണ്ടായാൽ തുടർ നടപടികളിലേക്ക് ബാർ കൗൺസിൽ കടക്കും. കേന്ദ്ര നിയമ മന്ത്രാലയം അയച്ച കത്തിന്‍റെ അടിസ്ഥാനത്തില്‍ ആയിരുന്നു കോഴ ആരോപണങ്ങളുമായി ബന്ധപ്പെട്ട് ബാർ കൗൺസിൽ സ്വമേധയാ ഇടപെടുകയും സൈബിയോട് വിശദീകരണം തേടുകയും ചെയ്‌തത്. ഹൈക്കോടതി വിധി അനുകൂലമാക്കിത്തരാമെന്നും ജഡ്‌ജിമാർക്ക് പണം കൊടുക്കണമെന്നും പറഞ്ഞ് കക്ഷികളിൽ നിന്നും ലക്ഷക്കണക്കിന് രൂപ കോഴ വാങ്ങിയെന്നാണ് സൈബിയ്‌ക്ക് എതിരായ കേസ്.
കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പ്രാഥമിക അന്വേഷണം നടത്തിയതിനു ശേഷം എജിയുടെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സൈബിയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. മൂന്ന് ജഡ്‌ജിമാരുടെ പേരില്‍ സൈബി ജോസ് 72 ലക്ഷം രൂപ കോഴ വാങ്ങിയെന്ന് ഹൈക്കോടതി വിജിലന്‍സ് വിഭാഗത്തിന് നാല് അഭിഭാഷകര്‍ മൊഴി നല്‍കിയിരുന്നു. ഒരു ജഡ്‌ജിയുടെ പേരില്‍ മാത്രം സൈബി കൈപ്പറ്റിയത് 50 ലക്ഷം രൂപയാണ്. എറണാകുളം സൗത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്‌ത പീഡന കേസില്‍ നിര്‍മാതാവില്‍ നിന്ന് 25 ലക്ഷവും 15 ലക്ഷം ഫീസായും സൈബി കൈപ്പറ്റി എന്നായിരുന്നു ആരോപണം.