തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾക്കായി ആയിരക്കണക്കിന് ആളുകളാണ് ദിനംപ്രതി തിരുവനന്തപുരത്ത് എത്തുന്നത്. ആവശ്യം കഴിഞ്ഞില്ലെങ്കില്‍ രാത്രിയില്‍ തലസ്ഥാനത്ത് തങ്ങേണ്ടിവരും. അവിടെയാണ് പ്രശ്‌നം. ഹോട്ടലുകളിലും ലോഡ്‌ജുകളിലും ഭീമമായ തുകയാണ് ഈടാക്കുന്നത്. സുരക്ഷയും വൃത്തിയും പലപ്പോഴും ഉണ്ടാകുകയുമില്ല.
സർക്കാർ സംവിധാനത്തില്‍ കുറഞ്ഞ ചെലവില്‍ സുരക്ഷിതമായ താമസസൗകര്യം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കവുമുണ്ട്. ആ ചിന്തയില്‍ നിന്നാണ് നാല് ചെറുപ്പക്കാർ ചേർന്ന് 'സേഫ് ഡോർമിറ്ററി' എന്ന പേരില്‍ സ്വകാര്യ സംരംഭവുമായി രംഗത്ത് വരുന്നത്.
സൗകര്യങ്ങളിങ്ങനെ: തമ്പാനൂർ കെ.എസ്.ആർ.ടി.സി ടെർമിനലിന്‍റെ ഒന്നാം നിലയിലാണ് സേഫ് ഡോർമിറ്ററി. 12 മണിക്കൂറിന് 250 രൂപ നിരക്കിൽ ട്രെയിനിലെ ബർത്ത് മാതൃകയിൽ വിശ്രമിക്കാനും ലഗ്ഗേജ് പൂട്ടിവച്ച് സൂക്ഷിക്കാനും വൃത്തിയോടെ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനുമുള്ള സൗകര്യമാണ് ഇവിടെ നൽകുന്നത്. ഓരോ ബർത്തിനോട് ചേർന്ന് ലൈറ്റും മൊബൈൽ ഫോൺ ചാർജ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. എയർ കണ്ടീഷൻ സംവിധാനത്തോടുകൂടിയ 37 ബർത്തുകളാണ് അതിഥികൾക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്.
തിരുവനന്തപുരം സ്വദേശികളായ സുരേഷ് കുമാർ, അനിൽ കുമാർ, കൃഷ്‌ണകുമാർ, ശരത് എന്നിവർ ചേർന്ന് രണ്ടര മാസം മുമ്പാണ് ഈ സ്വകാര്യസംരംഭം തുടങ്ങിയത്. ഇവിടേക്ക് ഫോണിൽ വിളിച്ച് ബുക്ക് ചെയ്യാം. നഗരത്തിലെത്തുന്നവർക്ക് ലഗ്ഗേജ് സൂക്ഷിക്കാൻ മാത്രമായി 24 മണിക്കൂർ പ്രവർത്തിക്കുന്ന പ്രത്യേക ക്ലോക്ക് റൂം സൗകര്യവുമുണ്ട്. പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ മാത്രമായും സൗകര്യം പ്രയോജനപ്പെടുത്താം. പുതിയ സംരംഭം വിജയകരമാകുന്നതോടുകൂടി കുറഞ്ഞ ചെലവിൽ ഡബിൾ റൂമുകളും വൈകാതെ സജ്ജമാക്കാനാണ് ഇവരുടെ തീരുമാനം.