ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശന വിധിക്കെതിരായ പുനഃപരിശോധനാ ഹർജികളും മറ്റ് അപേക്ഷകളും സുപ്രീംകോടതി ഇന്ന് പരിഗണിക്കും. രാവിലെ 10.30-ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ ആർ.എഫ്. നരിമാൻ, എ.എം. ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരുടെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. നാല് റിട്ട് ഹർജികളും ഹൈക്കോടതിയിൽനിന്ന് കേസുകൾ സുപ്രീംകോടതിയിലേക്കു മാറ്റണമെന്ന സംസ്ഥാനസർക്കാരിന്‍റെ അപേക്ഷയും പുനഃപരിശോധനാ ഹർജികൾക്കൊപ്പം പരിഗണിക്കും.
യുവതീപ്രവേശനവിധിയുമായി ബന്ധപ്പെട്ട റിട്ട് ഹർജികൾ ഉൾപ്പെടെയുള്ള പരാതികൾ പുനഃപരിശോധനാ ഹർജിയിൽ തീർപ്പാക്കിയ ശേഷമേ പരിഗണിക്കൂവെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇവയും ഭരണഘടനാ ബെഞ്ചിനു മുമ്പാകെ തന്നെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, തന്ത്രിക്കും മറ്റുമെതിരേ എ.വി. വർഷ, ഗീനാകുമാരി എന്നിവർ നൽകിയ കോടതിയലക്ഷ്യ ഹർജി ഇതോടൊപ്പം ലിസ്റ്റ് ചെയ്തിട്ടില്ല.
പുനഃപരിശോധനാ ഹർജികൾ ജനുവരി 22-നു കേൾക്കാനാണ് ആദ്യം നിശ്ചയിച്ചതെങ്കിലും ജസ്റ്റിസ് ഇന്ദു മൽഹോത്ര അവധിയായതിനാൽ മാറ്റിവെക്കുകയായിരുന്നു. ശബരിമല തന്ത്രി, എൻ.എസ്.എസ്., പന്തളം കൊട്ടാരം, പീപ്പിൾ ഫോർ ധർമ്മ തുടങ്ങിയവരുടെ 55 പുനഃപരിശോധനാ ഹർജികളാണ് സുപ്രീംകോടതിക്കു മുമ്പാകെയുള്ളത്. നാഷണൽ അയ്യപ്പ ഡിവോട്ടീസ് അസോസിയേഷൻ പ്രസിഡന്റ് ഷൈലജാ വിജയൻ, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് എസ്. ജയാ രാജ്കുമാർ, ചെന്നൈ സ്വദേശി ജി. വിജയകുമാർ, അഖില ഭാരതീയ മലയാളീ സംഘ് എന്നിവരാണ് റിട്ട് ഹർജികൾ നൽകിയത്.