തിരുവനന്തപുരം : മംഗലപുരം പൊലീസ് സ്‌റ്റേഷനിലെ ഫയലുകള്‍ എസ്‌പി നേരിട്ട് പരിശോധിക്കുന്നു. ഹൈവേയിലുണ്ടായ പിടിച്ചുപറി, സാമ്പത്തിക-തൊഴില്‍ തട്ടിപ്പ്, തര്‍ക്ക കേസുകളാണ് റൂറല്‍ എസ്‌പി ഡി ശില്‍പ്പ നേരിട്ട് പരിശോധിക്കുന്നത്. സസ്‌പെന്‍ഷനിലായ സ്റ്റേഷനിലെ മുന്‍ എസ്എച്ച്ഒ സജീഷ് അടക്കമുള്ളവര്‍ പലപ്പോഴായി ഇടനിലക്കാരായെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന.
സാമ്പത്തിക തട്ടിപ്പ് കേസുകളിലും തൊഴില്‍ തട്ടിപ്പുകേസുകളിലും പൊലീസുദ്യോഗസ്ഥര്‍ ഇടനിലക്കാരായി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് ആക്ഷേപമുണ്ട്. മംഗലപുരം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ ഗുണ്ട-മാഫിയ ബന്ധം തെളിഞ്ഞതിനെ തുടര്‍ന്ന് സ്‌റ്റേഷനിലെ സ്വീപ്പര്‍ ഒഴികെയുള്ള 31 പൊലീസുദ്യോഗസ്ഥര്‍ക്കെതിരെയും കഴിഞ്ഞ ദിവസങ്ങളില്‍ നടപടി എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് എസ്‌പി നേരിട്ട് സ്‌റ്റേഷനിലെ ഫയലുകള്‍ പരിശോധിക്കുന്നത്.
കര്‍ശന പരിശോധനയ്‌ക്ക് നിര്‍ദേശം: ഉദ്യോഗസ്ഥരുടെ ദുര്‍നടപ്പിന് കൂടുതല്‍ തെളിവുകള്‍ ഫയല്‍ പരിശോധനയില്‍ നിന്നും ലഭിക്കുകയാണെങ്കില്‍ കൂടുതല്‍ വകുപ്പുതല നടപടി ഉണ്ടായേക്കും. സംസ്ഥാനത്തെ മുഴുവന്‍ പൊലീസുകാരെയും ഇത്തരത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് നിര്‍ദേശിച്ചിരുന്നു.
ഇന്‍റലിജന്‍സ് നിര്‍ദേശങ്ങള്‍ കാര്യമായി ഗൗനിക്കണമെന്നും നിര്‍ദേശത്തില്‍ സൂചിപ്പിച്ചിരുന്നു. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നേതൃത്വത്തിലാകും പരിശോധന. വിജിലന്‍സും പരാതികള്‍ പരിശോധിച്ചുവരികയാണ്. ഇതേ തുടര്‍ന്ന് സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളില്‍ വരും ദിവസങ്ങളിലും ആരോപണം ഉയരുന്ന പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകാനാണ് സാധ്യത.
പീഡനക്കേസ്, ഗുണ്ടകളുമായുള്ള ബന്ധം, ഗുണ്ടകളുടെ പാര്‍ട്ടിയിലെ സന്ദര്‍ശനം, വിവരങ്ങള്‍ ക്രിമിനലുകള്‍ക്ക് ചോര്‍ത്തിക്കൊടുക്കല്‍ അടക്കം പൊലീസിന്‍റെ അവിശുദ്ധ ബന്ധങ്ങളുടെ ഒരുപാട് വിവരങ്ങളാണ് സ്‌പെഷ്യല്‍ ബ്രാഞ്ച്- ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകളിലുള്ളത്.
ബോംബേറില്‍ പുറത്തുവന്നത് അവിശുദ്ധ കൂട്ടുകെട്ട് : ഗുണ്ടകളായ ഷമീറും ഷഫീഖും മംഗലപുരം പൊലീസിന് നേരെ രണ്ട് തവണ ബോംബെറിഞ്ഞിരുന്നു. പിന്നീട് ഒളിവില്‍ പോയ ഷഫീഖും കൂട്ടാളികളും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ സഹോദരനെ തലയ്ക്ക് കല്ല് കൊണ്ട് അടിച്ച് കിണറ്റിലിട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലൂടെയാണ് മംഗലപുരം പൊലീസ്-ഗുണ്ടാ ബന്ധത്തിന്‍റെ വിവരങ്ങള്‍ പുറത്തുവരുന്നത്.
ഓപ്പറേഷന്‍ സുപ്പാരിയിലും കുടുങ്ങാതെ ഗുണ്ടാതലവന്മാര്‍ : ജില്ലയിലെ ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കമ്മിഷണറുടെ നേതൃത്വത്തില്‍ 'ഓപ്പറേഷന്‍ സുപ്പാരി' നടപ്പിലാക്കിയെങ്കിലും തലസ്ഥാനത്ത് അടുത്തിടെ നടന്ന അക്രമസംഭവങ്ങളില്‍ നേരിട്ട് പങ്കെടുത്ത കുപ്രസിദ്ധ ഗുണ്ടാതലവന്മാരായ ഓംപ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും പൊലീസിന് ഇതുവരെ പിടികൂടാനായിട്ടില്ല.
ALSO READ: 'ലവ് ടുഡേ' സിനിമ ശൈലിയില്‍ പ്രതിശ്രുത വധുവിന് ഫോണ്‍ കൈമാറി ; യുവാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍
കഴിഞ്ഞ മാസമായിരുന്നു മെഡിക്കല്‍ കോളജ് പ്രദേശത്ത് പുത്തന്‍പാലം രാജേഷ് കത്തി കാണിച്ച് ആംബുലന്‍സ് ഡ്രൈവര്‍മാരെ ഭീഷണിപ്പെടുത്തുകയും ഓംപ്രകാശ് ഉള്‍പ്പെട്ട ഗുണ്ടാസംഘം പാറ്റൂരില്‍ മറ്റൊരു ഗുണ്ടാസംഘവുമായി ഏറ്റുമുട്ടുകയും ചെയ്‌തത്. സംഭവത്തില്‍ ഓപ്പറേഷന്‍ സുപ്പാരിയുടെ ഭാഗമായി അന്വേഷണം നടത്തുന്നതിനിടെ ആയിരുന്നു പേട്ട സ്റ്റേഷനിലെ എസ്എച്ച്ഒ റിയാസ് രാജയ്ക്ക് ഗുണ്ടാ-ഭൂമാഫിയ ബന്ധമുള്ളതായി ഡിജിപിക്ക് റിപ്പോര്‍ട്ട് ലഭിച്ചത്.
മധ്യസ്ഥത വഹിക്കല്‍, വിവരങ്ങള്‍ കൈമാറല്‍ എന്നിങ്ങനെ ഗുരുതരമായ ആരോപണങ്ങള്‍ക്ക് അനുകൂലമായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ റിയാസിനെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തിരുന്നു.