തിരുവനന്തപുരം : ട്രെയിനിൽ യാത്രക്കാരെ മയക്കി കിടത്തി കവർച്ച നടത്തിയ സംഭവത്തിലെ പ്രതികൾ അറസ്റ്റിൽ. പശ്ചിമബംഗാൾ സ്വദേശികളായ സുബൈർ(47), ഷൗക്കത്തലി(49), കയാം(49) എന്നിവരാണ് പിടിയിലായത്.
തിരുവനന്തപുരം റെയിൽവേ പൊലീസ് സിഐ അഭിലാഷ് ഡേവിഡിന്‍റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം മഹാരാഷ്ട്രയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. കവർച്ചയ്ക്ക് ഇരയായ വിജയലക്ഷ്‌മിയും മകൾ അഞ്ജലിയും പ്രതികളെ തിരിച്ചറിഞ്ഞു.
മൂന്നാഴ്‌ച മുമ്പാണ് നിസാമുദ്ദീൻ ട്രെയിനിൽ കവർച്ച നടന്നത്. യാത്രക്കാരായ സ്ത്രീകളുടെ ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി കൊള്ളയടിക്കുകയായിരുന്നു. ബോധരഹിതരായ മൂന്ന് സ്ത്രീകളെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ആർ.പി.എഫ് കണ്ടെത്തുകയായിരുന്നു.
എന്നാൽ കവർച്ചയ്ക്ക് ഇരയായെന്ന് പറഞ്ഞ കോയമ്പത്തൂർ സ്വദേശി കൗസല്യയുടെ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തി. വിജയകുമാരിയുടെയും മകളുടെയും കൈവശമുണ്ടായിരുന്ന പത്ത് പവൻ സ്വർണവും രണ്ട് മൊബൈൽ ഫോണുകളുമാണ് മോഷണം പോയത്.
പ്രതികളെ കുടുക്കിയത് പൊലീസ് ബുദ്ധി
കവർച്ചയ്ക്ക് പിന്നിലെ സമാന മോഷണ ശ്രമങ്ങളെക്കുറിച്ചായിരുന്നു പൊലീസിന്‍റെ അന്വേഷണം. അന്വേഷണത്തിൽ ഇക്കഴിഞ്ഞ ഏപ്രിൽ മാസം നാഗർകോവിലിൽ ട്രെയിനിൽ സമാന കവർച്ച നടന്നതായി വിവരം ലഭിച്ചു.
ബുക്കിങ് സ്ലിപ്പ് പരിശോധിച്ചതിൽ നിന്ന് രണ്ട് ട്രെയിനിലും ആഗ്രയിൽ നിന്ന് യാത്ര നടത്തിയ കയാം എന്ന ആളിലേക്കായി അന്വേഷണം. ബുക്കിങ് സ്ലിപ്പിൽ നൽകിയ അഡ്രസ് വള്ളത്തോൾ നഗർ സ്വദേശിയായ കച്ചവടക്കാരന്‍റേത് ആയിരുന്നു.
ഇയാളെ ബന്ധപ്പെട്ടതോടെയാണ് ആഗ്രയിൽ നിന്ന് കയാം എന്ന വ്യക്തിയെ പരിചയപ്പെട്ടതായി വിവരം ലഭിക്കുന്നത്. തുടർന്ന് പൊലീസ് സംഘം അഡ്രസ് കണ്ടെത്തി കൊൽക്കത്തയിൽ എത്തിയെങ്കിലും പ്രതി രക്ഷപ്പെടുകയായിരുന്നു.
പ്രതികൾ സ്ഥിരമായി നിസാമുദ്ദീൻ ട്രെയിനിലെ യാത്രക്കാരെയാണ് ലക്ഷ്യം വയ്ക്കുന്നത് എന്ന് അറിഞ്ഞതോടെ ബുക്കിങ് ചാർട്ട് നിരീക്ഷിച്ചു.
ഒരേ പിൻനമ്പറിൽ മൂന്ന് പേർ യാത്ര ചെയ്യുന്നതിൽ സംശയം തോന്നി പിന്തുടർന്ന് പിടികൂടുകയായിരുന്നു. പിടിയിലായ മൂന്നുപേരും സംഘം ചേർന്ന് കവർച്ച നടത്തുന്നവരാണ്. ഇവരെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി.
Also Read: വിസ്‌മയ കേസ് : പ്രതി കിരൺ കുമാറിന്‍റെ ജാമ്യാപേക്ഷയിൽ വിധി ഈമാസം 7ന്