തിരുവനന്തപുരം: സംസ്ഥാനത്തെ പൊട്ടിപ്പൊളിഞ്ഞ റോഡുകളില്‍ മിന്നല്‍ പരിശോധനയുമായി വിജിലന്‍സ്. ഓപ്പറേഷന്‍ രാസ്‌ത എന്ന പേരിലാണ് സംസ്ഥാന വ്യാപകമായി പരിശോധന നടന്നത്. നിര്‍മ്മാണങ്ങളില്‍ ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താനാണ് പരിശോധന.
ഓപ്പറേഷന്‍ രാസ്‌ത ഇങ്ങനെ: ക്രമക്കേട് കണ്ടെത്തിയാല്‍ കരാറുകാരനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കാനാണ് വിജിലന്‍സ് നീക്കം. പുതുതായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ റോഡുകളില്‍ നിന്നും സാമ്പിളുകള്‍ സ്വീകരിച്ചിട്ടുണ്ട്. കരാര്‍ പ്രകാരം നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുണ്ടോയെന്നാണ് ഈ റോഡുകളില്‍ നടക്കുന്ന പരിശോധന. നിര്‍മ്മാണത്തിലെ പിഴവാണ് റോഡുകള്‍ വേഗത്തില്‍ തകരാന്‍ കാരണമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. റോഡുകളുടെ ചുരുക്ക പട്ടിക തയാറാക്കിയാണ് വിജിലന്‍സ് പരിശോധന നടത്തുന്നത്.
മന്ത്രിയുടെ സ്വാഗതം: റോഡുകളിലെ വിജിലന്‍സ് പരിശോധന പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് സ്വാഗതം ചെയ്‌തു. പരിശോധനകള്‍ നടക്കണം. തെറ്റായ പ്രവണത ഉണ്ടെങ്കില്‍ ഇല്ലാതാക്കണം. തെറ്റായ പ്രവണതകളോട് സര്‍ക്കാര്‍ ഒരു രീതിയിലും സന്ധി ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ ആക്ഷേപങ്ങള്‍ക്ക് മറുപടി പറഞ്ഞിട്ടുണ്ട്. പ്രതിപക്ഷ നേതാവ് ഇപ്പോള്‍ പ്രവില്ലേജിനെ കുറിച്ചാണ് പറയുന്നത്. പ്രിവിലേജ് ജനാധിപത്യം മരിക്കുമ്പോള്‍ ഉണ്ടാകുന്നതാണ്.
എവിടെയാണ് ജനാധിപത്യം മരിച്ചത്. ആരാണ് പ്രിവിലേജ് ആസ്വദിക്കുന്നത്. ഇക്കാര്യങ്ങള്‍ പ്രതിപക്ഷ നേതാവ് കണ്ണാടിയില്‍ നോക്കി ചോദിക്കുന്നതാകും നല്ലതെന്നും റിയാസ് പ്രതികരിച്ചു.