തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ഉദ്യോഗസ്ഥർക്കും യൂണിയനുകൾക്കും എതിരെ സിഎംഡി ബിജുപ്രഭാകർ നടത്തിയ വെളിപ്പെടുത്തലില്‍ പ്രതിഷേധവുമായി തൊഴിലാളി യൂണിയനുകൾ. ജീവനക്കാരെ മുഖവിലയ്‌ക്കെടുക്കാതെയുള്ള നടപടിയാണ് ഇതെന്ന് യൂണിയൻ പ്രതിനിധികൾ പറയുന്നു. പണിമുടക്ക് ഉൾപ്പെടെയുള്ള ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ഐഎൻടിയുസി നേതാക്കൾ പറഞ്ഞു.
ബിജുപ്രഭാകർ സിഎംഡി ആയി വന്നശേഷം പല തരത്തിലുളള മാറ്റങ്ങൾ കെഎസ്ആർടിസിയിൽ നടക്കുന്നുണ്ട്. അതിനിടയിലാണ് ജീവനക്കാർക്ക് എതിരെ പരസ്യമായി ബിജുപ്രഭാകർ രംഗത്ത് എത്തിയത്. ഏറെ നാളായി നിലനിൽക്കുന്ന ശീത സമരത്തിന് ഒടുവിലാണ് ബിജുപ്രഭാകര്‍ പൊതുവേദിയില്‍ പരസ്യപ്രതികരണത്തിന് തയ്യാറായത്. ഇതോടെ സംഭവം കൂടുതൽ പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്. അതേസമയം, 2012- 15 കാലയളവിൽ 100 കോടിയോളം രൂപ കാണാതായ സംഭവത്തില്‍ ആരോപണ വിധേയനായ കെ.എസ്.ആർ.ടി.സി പെൻഷൻ ആന്‍റ് ഓഡിറ്റ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എം ശ്രീകുമാറിനെ സ്ഥലം മാറ്റി. എറണാകുളത്ത് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായാണ് മാറ്റം. സംഭവത്തിൽ കൂടുതൽ പേർക്കെതിരെ നടപടി ഉണ്ടായേക്കുമെന്ന് സൂചനയുണ്ട്. ഇന്ന് ബിജുപ്രഭാകർ നടത്തിയ വാർത്താ സമ്മേളനത്തില്‍ ശ്രീകുമാറിന് എതിരെ പരസ്യമായി വിമർശനം ഉന്നയിച്ചിരുന്നു.