തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഇന്നു മുതൽ നിലവിൽ വരും. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18 ശതമാനത്തിന് മുകളിലുള്ള മേഖലകളിൽ ഇന്ന് മുതൽ ട്രിപ്പിൾ ലോക്ക്‌ഡൗൺ നിലവിൽ വരും.
ആറ് ശതമാനത്തിൽ താഴെ ടിപിആർ ഉള്ള മേഖലകളിൽ കൂടുതൽ ഇളവുകൾ ലഭിക്കും. ഇവിടെ എല്ലാത്തരം കടകളും എല്ലാ ദിവസവും പ്രവർത്തിക്കാം. സ്ഥാപനങ്ങൾ 50 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാം. ആരാധനാലയങ്ങളിൽ 15 പേരെ പ്രവേശിപ്പിക്കാം. 6- 12 ശതമാനം വരെ ടിപിആർ ഉള്ള മേഖലകളിലും ഇത് ബാധകമാണ്.
അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെയുള്ള കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രമേ തുറക്കാൻ അനുവാദമുള്ളു. 12-18 വരെ ടിപിആർ ഉള്ള മേഖലകളിൽ ലോക്ക്‌ഡൗണായിരിക്കും. ഇവിടെ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമേ അനുമതിയുള്ളു.
എല്ലാ മേഖലകളിലും ബാങ്കുകൾക്ക് എല്ലാ ദിവസവും പ്രവർത്തിക്കാം. എന്നാൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രമേ പൊതുജനങ്ങളെ പ്രവേശിപ്പിക്കാൻ പാടുള്ളു. ഹോട്ടലുകളിൽ ഹോം ഡെലിവറിയും പാഴ്‌സലും മാത്രം. രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെയാണ് കടകളുടെയും ഹോട്ടലുകളുടെയും പ്രവർത്തന സമയം. ശനിയും ഞായറും സംസ്ഥാന വ്യാപകമായി സമ്പൂർണ ലോക്ക്‌ഡൗൺ തുടരും.