തിരുവനന്തപുരം: പ്രളയ ബാധിതർക്കുള്ള നഷ്ടപരിഹാരത്തിന്റെ മാനദണ്ഡം സർക്കാർ കൃത്യമായാണ് കണക്കാക്കുന്നതെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയില്‍ വ്യക്തമാക്കി. പ്രളയത്തിൽ സംസ്ഥാനത്ത് ആകെ 15,394 വീടുകളാണ് പൂര്‍ണ്ണമായും തകര്‍ന്നത്. അതില്‍ 9,934 വീടുകള്‍ സ്വയം നിര്‍മ്മിക്കാമെന്ന് ഉടമസ്ഥര്‍ അറിയിച്ചു. 9,737 വീടുകൾക്ക് ധനസഹായത്തിന്‍റെ ആദ്യ ഗഡുവും 2,757 വീടുകള്‍ക്ക് രണ്ടാം ഗഡുവും 4,544 വീടുകള്‍ക്ക് മൂന്നാം ഗഡുവും നല്‍കി. 1,990 വീടുകള്‍ സഹകരണ സ്ഥാപനങ്ങളുടെ കെയര്‍ ഹോം പദ്ധതിയിലൂടെ നിര്‍മിച്ച് നല്‍കിയെന്നും ഇ ചന്ദ്രശേഖരന്‍ അറിയിച്ചു.
ഖാദർ കമ്മിറ്റി റിപ്പോർട്ടിലൂടെ ഹൈസ്കൂൾ ഹയർ സെക്കന്ററി മേഖലയുടെ ഭരണപരമായ ഏകീകരണമാണ് നടപ്പാക്കിയതെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. ഇതിലൂടെ നിയമന നിരോധനമുണ്ടാകുകയില്ലെന്നും മന്ത്രി സഭയെ അറിയിച്ചു. ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കിയതിലൂടെ അക്കാദമിക് മികവ് ഉറപ്പ് വരുത്തുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. റിപ്പോർട്ട് നടപ്പാക്കുന്നതിലൂടെ നിയമന നിരോധനം ഉണ്ടാകുമെന്ന് പറയുന്നത് ശരിയല്ല. ഹയർ സെക്കന്ററിക്ക് ഒരു ഓഫീസ് വേണമെന്നത് ഇപ്പോൾ സമരം ചെയ്യുന്ന സംഘടനകളുടെ ആവശ്യമായിരുന്നു. ചർച്ചകൾക്ക് എപ്പോഴും തയാറാണെന്നും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് നിയമസഭയിൽ വ്യക്തമാക്കി.
സംസ്ഥാനത്ത് 15,580 കുടുംബങ്ങൾ സ്ഥിരമായി കടലാക്രമണ ഭീഷണി നേരിടുന്നുണ്ടെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ സഭയെ അറിയിച്ചു. 1,798 മത്സ്യതൊഴിലാളികൾക്ക് സ്ഥലം വാങ്ങി വീട് വയ്ക്കാന്‍ സഹായം നല്‍കിയതായും മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി.