തിരുവനന്തപുരം : തന്‍റെ സിനിമയെ സീരിയലിനോട് ഉപമിച്ചവരോട് പരിഭവമില്ലെന്ന് ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടി. താഴേക്കിടയിൽ ജീവിക്കുന്നവർ കാണുന്ന സീരിയൽ പോലെ തന്നെയാണ് താൻ സിനിമ നിർമിച്ചതെന്നും സാധാരണ വീടുകളിലെ കുഞ്ഞുങ്ങൾ നേരിടുന്ന പ്രശ്‌നത്തെ കുറിച്ചാണ് ചിത്രം ചർച്ച ചെയ്യുന്നതെന്നും റസൂൽ പൂക്കുട്ടി പറഞ്ഞു (Resul Pookutty About His First Movie Otta).
തന്‍റെ ആദ്യ സംവിധാനത്തിൽ പിറന്ന 'ഒറ്റ' എന്ന സിനിമയുടെ വിശേഷങ്ങൾ മാധ്യമങ്ങളോട് പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം. ആസിഫ് അലി, അർജുൻ അശോകൻ, തമിഴ് താരം സത്യരാജ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്.
സിനിമയുടെ നിർമാതാവും സമതോൽ എന്ന സംഘടനയുടെ സ്ഥാപകനുമായ ഹരിഹരൻ എഴുതിയ ആത്മകഥയായ 'റൺ എവേ ചിൽഡ്രൻ' എന്ന പുസ്‌തകത്തിൽ നിന്നാണ് ഒറ്റ എന്ന സിനിമ ഉണ്ടായത്. വീടുകളിൽ നിന്നും ഒളിച്ചോടി വരുന്നവരുടെ കഥയാണ് സിനിമ പങ്കുവയ്ക്കുന്നത്.
ഇത്തരം കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണ് മുംബൈ ആസ്ഥാനമായുള്ള സമതോൽ. സാധാരണ വീടുകളിൽ ഉണ്ടാവുന്ന പ്രശ്‌നങ്ങളും പിന്നാലെ അതിന്‍റെ ഫലങ്ങളുമാണ് സിനിമ പറയുന്നത്.
സിനിമയുടെ നിർമാണത്തിൽ നേരിട്ട അനുഭവങ്ങളാണ് ഇത്തരം കുടുംബ പ്രശ്‌നങ്ങൾക്കെതിരെ സംസാരിക്കാൻ കാരണമായെതെന്നും സാധാരണക്കാർ കാണുന്ന സീരിയൽ രീതിയിലേക്ക് സിനിമ മാറിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സീരിയലുകൾ മോശമെന്ന അഭിപ്രായം ഉണ്ടെങ്കിൽ ടെലിവിഷനുകളിൽ പിന്നെന്തിനാണ് ഇവ പ്രദർശിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. മുംബൈ, പാലക്കാട്, ചെന്നൈ എന്നിവയായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷനുകൾ.
രണ്ടര മണിക്കൂർ ദൈർഘ്യമുള്ള സിനിമയുടെ പൂർണതയ്ക്ക് വേണ്ടി മൊബൈൽ ക്യാമറകൾ വരെ ഷൂട്ടിങ്ങിൽ ഉപയോഗിച്ചിട്ടുണ്ട്. റസൂൽ പൂക്കുട്ടി തന്നെയാണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിച്ചിട്ടുള്ളത്.
ചിത്രത്തിൽ ഇന്ദ്രൻസ്, രോഹിണി, ആദിൽ ഹുസൈൻ, രഞ്ജി പണിക്കർ, മംമ്ത മോഹൻദാസ്, സുധീർ കരമന, ജലജ, ജയപ്രകാശ് ജയകൃഷ്‌ണൻ, ബൈജു പൂക്കുട്ടി, ദിവ്യ ദത്ത, കന്നഡ നടി ഭാവന രാമണ്ണ, ലീന കുമാർ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ചിൽഡ്രൻ റീ യുണൈറ്റഡ് എൽഎൽപിയും റസൂൽ പൂക്കുട്ടി പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിച്ചത്. കിരൺ പ്രഭാകറാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. പാട്ടുകൾക്കും ഏറെ പ്രാധാന്യം നൽകിക്കൊണ്ടുളള ഈ ചിത്രത്തിൽ റഫീഖ് അഹമ്മദും വൈരമുത്തുവും ചേർന്നാണ് ഗാനരചന നിർവഹിച്ചത്.
'ഒറ്റ'യിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് എം ജയചന്ദ്രൻ, പി ജയചന്ദ്രൻ, ശ്രേയ ഘോഷാൽ, ശങ്കർ മഹാദേവൻ, ജാസി ഗിഫ്റ്റ്, ബെന്നി ദയാൽ, അൽഫോണ്‍സ് എന്നീ പ്രമുഖ ഗായകരാണ്. കുമാർ ഭാസ്‌കർ ആണ് ചിത്രത്തിന്‍റെ ക്രിയേറ്റീവ് പ്രൊഡ്യൂസർ. അരോമ മോഹൻ, ശേഖർ വി, സിറിൾ കുരുവിള എന്നിവരാണ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർമാർ. 'ഒറ്റ'യുടെ സൗണ്ട് ഡിസൈൻ നിർവഹിച്ചത് റസൂൽ പൂക്കുട്ടിയും വിജയകുമാറും ചേർന്നാണ്.