തിരുവനന്തപുരം: സര്‍ക്കാറില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയുവില്‍ പീഡനത്തിനിരയായ യുവതി. മെഡിക്കല്‍ കോളജിലെ പീഡനം സംബന്ധിച്ച് പരിശോധന നടത്തിയ ഗൈനക്കോളി വിഭാഗത്തിലെ ഡോക്‌ടര്‍ പ്രീതിക്കെതിരെയുള്ള പരാതിയില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല. വിഷയത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ തലസ്ഥാനത്തെത്തിയ യുവതി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കേസ് അട്ടിമറിക്കാനുളള ശ്രമമാണ് ആരോഗ്യ വകുപ്പിന്‍റെ ഭാഗത്ത് നിന്നും നടക്കുന്നതെന്നും അതിജീവിത.
കേസിലെ പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ച അഞ്ച് ജീവനക്കാരെ തിരിച്ചെടുത്ത മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഇ.വി ഗോപിക്കെതിരെയും താന്‍ നടപടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരോഗ്യ വകുപ്പിന്‍റെ ഭാഗത്ത് നിന്നും യാതൊരു വിധ നടപടിയും ഉണ്ടായില്ലെന്ന് യുവതി. പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ചത് കൂടാതെ ഒരു വിഭാഗം കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും യുവതി പറഞ്ഞു.
ഇതിന്‍റെ ഭാഗമായാണ് എനിക്ക് അനുകൂല മൊഴി നല്‍കിയവരെ ഭീഷണിപ്പെടുത്തുന്നതെന്നും അവരെ നിരന്തരം മൊഴിയെടുക്കാന്‍ വിളിച്ച് വരുത്തുന്നതെന്നും യുവതി പറഞ്ഞു. നിലവില്‍ ചികിത്സ തേടി പോലും മെഡിക്കല്‍ കോളജിലേക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. വിഷയത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയേയും ആരോഗ്യ മന്ത്രിയേയും കാണാനെത്തിയതെന്നും യുവതി പറഞ്ഞു.
എന്നാല്‍ മുഖ്യമന്ത്രിയെ കാണുന്നതിന് അനുമതി ലഭിച്ചിട്ടില്ല. സര്‍ക്കാറില്‍ നിന്ന് നീതി ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ച ശേഷം മാത്രമെ മടങ്ങുകയുള്ളൂവെന്നും യുവതി വ്യക്തമാക്കി. പൊലീസ് അന്വേഷണം നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും ഇക്കാര്യത്തില്‍ തനിക്ക് പരാതിയില്ലെന്നും യുവതി വ്യക്തമാക്കി.
ഐസിയുവിലെ പീഡനം: ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ശസ്‌ത്രക്രിയ കഴിഞ്ഞ് അര്‍ധബോധാവസ്ഥയില്‍ കഴിയുകയായിരുന്ന യുവതി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസിയുവില്‍ പീഡനത്തിന് ഇരയായത്. ശസ്‌ത്രക്രിയയ്‌ക്ക് ശേഷം അനസ്‌തേഷ്യയുടെ മയക്കത്തിലായിരുന്ന സമയത്താണ് യുവതിയെ അറ്റന്‍ഡര്‍ പീഡനത്തിന് ഇരയാക്കിയത്. അനസ്‌തേഷ്യയുടെ മയക്കം വിട്ടുമാറിയതിന് പിന്നാലെ യുവതി വീട്ടുകാരോട് വിവരം അറിയിക്കുകയായിരുന്നു.
വിവരം അറിഞ്ഞ കുടുംബം പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പൊലീസ് പ്രതിയായ വടകര സ്വദേശി ശശീന്ദ്രനെ അറസ്റ്റ് ചെയ്‌തു. ശശീന്ദ്രന്‍ അറസ്റ്റിലായതിന് പിന്നാലെ ആശുപത്രിയിലെ ഒരു സംഘം ജീവനക്കാര്‍ യുവതിയെ മൊഴി മാറ്റാന്‍ ഭീഷണിപ്പെടുത്തിയിരുന്നു. പരാതി പിന്‍വലിക്കണമെന്നും സംഘം ആവശ്യപ്പെട്ടു. നഴ്‌സിങ്ങ് അസിസ്റ്റന്‍റ് പ്രസീത മനോളി, ഗ്രേഡ് ഒന്ന് ആശുപത്രി അറ്റന്‍ഡറായ ആസ്യ, ഷൈനി ജോസ്, ഗ്രേഡ് രണ്ട് ആശുപത്രി അറ്റന്‍ഡര്‍മാരായ ഷൈമ, ഷലൂജ, ദിവസ വേതന ജീവനക്കാരിയായ ദീപ എന്നിവരടങ്ങിയ സംഘമാണ് യുവതിയെ ഭീഷണിപ്പെടുത്തിയത്.
ഇതിനെതിരെ യുവതി വീണ്ടും പൊലീസില്‍ പരാതി നല്‍കി. അന്വേഷണ വിധേയമായി ജീവനക്കാരെ ആശുപത്രിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്‌തു. ദിവസ വേതന ജീവനക്കാരിയായ ദീപയെ പിരിച്ചുവിടുകയും ചെയ്‌തു. എന്നാല്‍ വകുപ്പുതല അന്വേഷണത്തിനൊടുവില്‍ ഇവരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയും ചെയ്‌തു. കേസില്‍ അറസ്റ്റിലായ പ്രതി ശശീന്ദ്രന്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.
also read: ഐസിയുവിലെ പീഡനം; 'തനിക്ക് നീതി ലഭിച്ചില്ല', മുഖ്യമന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങി അതിജീവിത