തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ആരോപണവിധേയനായ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ സ്പീക്കറെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന പ്രമേയം വോട്ടിനിടാതെ തള്ളി. മുസ്ലിം ലീഗ് എംഎൽഎ എം ഉമ്മറാണ് പ്രമേയത്തിന് അനുമതി തേടിയത്. കേരള നിയമസഭയുടെ ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് സ്പീക്കറെ നീക്കം ചെയ്യൽ പ്രമേയം ചർച്ചക്കെടുക്കുന്നത്. സ്വർണക്കടത്ത്, ഡോളർ കേസുകളും നിയമസഭയിലെ നിർമാണപ്രവർത്തനങ്ങളിലെ ധൂർത്തും ആണ് പ്രമേയത്തിന് ആധാരം.
പ്രമേയം പരിഗണിക്കുമ്പോൾ സ്പീക്കർ ഡെപ്യൂട്ടി സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് മാറും. ഡെപ്യൂട്ടി സ്പീക്കറാകും സഭ നിയന്ത്രിക്കുക. സ്പീക്കർക്ക് തന്‍റെ ഭാഗം വിശദീകരിക്കാനും അവസരമുണ്ടാകും. രണ്ടു മണിക്കൂർ ചർച്ചയാണ് നടക്കുക. ചർച്ച കഴിഞ്ഞു വോട്ടെടുപ്പ് നടക്കുന്നതാണ് പ്രമേയത്തിന്‍റെ രീതി. അതിനിടെ പ്രതിപക്ഷത്തിന്‍റേത് രാഷ്ട്രീയ ആരോപണം മാത്രമാണെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ രാവിലെ പ്രതികരിച്ചു. പ്രമേയം യുക്തിക്ക് നിരക്കാത്തതാണെന്നും താൻ തെറ്റ് ചെയ്തിട്ടില്ലെന്നും സ്പീക്കർ ആവർത്തിച്ചു.