തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തെ തീരപ്രദേശവും വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ വളളക്കടവ് പാലം അപകടാവസ്ഥയില്‍. 133 വർഷത്തെ പഴക്കം കാരണം തകർന്ന പാലത്തിന് പകരം പുതിയത് പണിയാനുള്ള നടപടികൾ അനന്തമായി നീളുകയാണ്. ഈഞ്ചക്കലിൽ നിന്ന് വളളക്കടവ്, ബീമാപള്ളി, പൂന്തുറ, ശംഖുമുഖം ഭാഗങ്ങളിലേക്ക് ഈ പാലത്തിലൂടെയാണ് വാഹനങ്ങൾ കടന്നു പോകുന്നത്.
ദിവസേന സ്‌കൂള്‍ വാഹനങ്ങള്‍ ഉള്‍പ്പടെ നിരവധി വാഹനങ്ങള്‍ കടന്ന് പോകുന്ന പാലത്തിന്‍റെ അടിഭാഗത്ത് സ്ഥാപിച്ചിട്ടുള്ള രണ്ട് ഇരുമ്പ് പാളികൾ തുരുമ്പെടുത്ത് നശിച്ചു. തൂണുകളുടെ അടി ഭാഗം ദ്രവിച്ച അവസ്ഥയിലാണ്. പാലത്തിന് അടി ഭാഗത്ത് വിളളലും രൂപപ്പെട്ടിട്ടുണ്ട്.
പുതിയ പാലം പണിയുന്നതുവരെ ഗതാഗതം സാധ്യമാക്കാൻ 79.08 ലക്ഷം രൂപ ചെലവിട്ട് പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച് ജനങ്ങൾക്ക് തുറന്നുകൊടുത്ത താത്‌കാലിക പാലം ഇന്ന് വെറും നോക്കുകുത്തിയാണ്. താത്‌കാലിക പാലം ആരംഭിക്കുന്ന ഭാഗത്ത് സിറ്റി ഗ്യാസ് പദ്ധതിക്കായി പൈപ്പിടൽ നടക്കുന്നതിനാൽ ഇരുചക്രവാഹനങ്ങൾക്ക് മാത്രമേ പുതിയ പാലത്തിലൂടെ പോകാൻ സാധിക്കൂ. ചരക്ക് ലോറികള്‍ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ പഴയ പാലത്തിലൂടെയാണ് ഇപ്പോഴും പോകുന്നത്.
താത്‌കാലികമായി നിര്‍മിച്ച പാലത്തില്‍ ആളുകള്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് പതിവ് കാഴ്‌ചയാണ്. പുതിയ പാലം നിർമിക്കാനാവശ്യമായ ഭൂമി വിട്ടുകൊടുക്കാൻ 30 പേർ സന്നദ്ധരായി മുന്നോട്ട് വന്നിട്ടുണ്ടെങ്കിലും ഭൂമി എറ്റെടുക്കൽ നടപടികള്‍ വൈകുകയാണ്. ഭൂമി ഏറ്റെടുക്കൽ പൂർത്തിയായാൽ മാത്രമേ ടെൻഡർ നൽകാനും പാലം പണി ആരംഭിക്കാനും സാധിക്കൂവെന്ന് പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ വിനോദ് കുമാർ പറഞ്ഞു. പുതിയ പാലം നിർമിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് 15 കോടിയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിരിക്കുന്നത്.