തിരുവനന്തപുരം: സൈലന്‍റ് വാലി നാഷണല്‍ പാർക്കിന്‍റെ മണ്ണാർക്കാട് ഡിവിഷനിലെ തിരുവിഴാംകുന്ന് ഭാഗത്ത് പൈനാപ്പിളില്‍ ഒളിപ്പിച്ച പടക്കം കടിച്ച് വായ തകർന്ന ശേഷം വെള്ളിയാർ പുഴയില്‍ ചെരിഞ്ഞ ആനയുടെ വാർത്ത രാജ്യം മുഴുവൻ ചർച്ച ചെയ്യുകയാണ്.
- " class="align-text-top noRightClick twitterSection" data="">
അതിനിടെ സൈലന്‍റ് വാലി നാഷണല്‍ പാർക്കിന് സമീപം വനംവകുപ്പിന്‍റെ നിലമ്പൂർ സൗത്ത് ഡിവിഷനില്‍ മുറിവേറ്റ് ഗുരുതരാവസ്ഥയിലായ ആനയെ വനംവകുപ്പ് രക്ഷപ്പെടുത്തി. വനംവകുപ്പ് മന്ത്രി കെ. രാജു ഫേസ്ബുക്കിലാണ് ഈ വിവരം അറിയിച്ചത്. ആനയുടെ വയറിന്‍റെ കീഴ്‌ഭാഗത്ത് മുറിവുണ്ടായിരുന്നു. നാവിലും മുറിവും വീക്കവുമുണ്ട്. ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിയുന്നില്ല.
ആഹാരം കഴിക്കാതെ അവശ നിലയിലായ ആനയെ മയക്കുവെടി വെച്ച് പിടിച്ച് വനംവകുപ്പ് ഡോക്ടർമാർ ചികിത്സിക്കുകയായിരുന്നു. മരുന്നുകളോട് ആന പ്രതികരിച്ചു തുടങ്ങി. അപകടനില തരണം ചെയ്തു. മുറിവുണങ്ങി ആഹാരം സ്വയം കഴിക്കാറാകുന്ന സ്ഥിതിയില്‍ കാട്ടിലേക്ക് കയറ്റിവിടാനാണ് വനംവകുപ്പ് തീരുമാനമെന്ന് വനം മന്ത്രി ഫേസ് ബുക്കില്‍ കുറിച്ചു. മോഴ ആനയാണ്. മുറിവുകൾ മനുഷ്യ പ്രവൃത്തി കൊണ്ടുണ്ടായതല്ലെന്ന് മന്ത്രി വിശദീകരിച്ചിട്ടുണ്ട്.
ആനകൾ തമ്മിലുള്ള പോരിന്‍റെ ഭാഗമായാണ് മുറിവുണ്ടായതെന്ന് വനംവകുപ്പ് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയതായും മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് വിശദീകരിക്കുന്നു. പൈനാപ്പിളില്‍ നിന്ന് പടക്കം കടിച്ച് വായ് തകർന്ന ശേഷം വെള്ളിയാർ പുഴയില്‍ ചെരിഞ്ഞ ആനയുടെ വാർത്ത രാജ്യം മുഴുവൻ ചർച്ച ചെയ്യുമ്പോൾ മറ്റൊരു ആനയെ രക്ഷപ്പെടുത്തിയ വനംവകുപ്പ് ജീവനക്കാർക്ക് അഭിനന്ദനം അറിയിച്ചാണ് മന്ത്രി പോസ്റ്റ് അവസാനിപ്പിക്കുന്നത്.