തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപിൽ നിന്നും റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയെ ഒഴിവാക്കി. ഇൻഷുറൻസ് നടത്തിപ്പ് റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയെ ഏൽപിച്ചത് റദ്ദാക്കാനുള്ള ധനവകുപ്പിന്റെ ശുപാർശ മുഖ്യമന്ത്രി അംഗീകരിച്ചു. പദ്ധതിയുടെ നടത്തിപ്പിനായി വീണ്ടും ടെണ്ടർ വിളിക്കാനാണ് തീരുമാനം.
മെഡിസെപിന്റെ നടത്തിപ്പിൽ നിന്നും റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയെ ഒഴിവാക്കിയത് സംബന്ധിച്ച സർക്കാർ തീരുമാനം അറിയിച്ച് റിലയൻസിന് ഉടൻ തന്നെ കത്ത് നൽകും. ഗുണഭോക്താക്കൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ നിലവിലെ പ്രശ്നങ്ങൾ പരിഹരിച്ച് തുടർ നടപടി സ്വീകരിക്കാൻ മന്ത്രി തോമസ് ഐസക് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. വീണ്ടും ടെണ്ടർ ക്ഷണിക്കാനാണ് തീരുമാനം. ആശുപത്രികൾ ആവശ്യപ്പെട്ടാൽ കരാറിൽ രേഖപ്പെടുത്തിയ ഫീസിന്‍റെ 25 ശതമാനം ഇൻഷുറൻസ് കമ്പനി നൽകണമെന്നതും സ്പെഷ്യാലിറ്റി ചികിത്സാ സൗകര്യമുള്ള ആശുപത്രികളെ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നുള്ള വ്യവസ്ഥകൾ റിലയൻസ് അംഗീകരിക്കാൻ തയ്യാറാകാത്തതിനാലാണ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ നിന്നും ഇവരെ ഒഴിവാക്കിയത്.
വീണ്ടും ടെണ്ടർ ക്ഷണിക്കുമ്പോൾ ആദ്യ ടെണ്ടറിലെ വാർഷിക പ്രീമിയ തുകയുടെ പരിധി ഉയർത്തിയേക്കാനാണ് സാധ്യത. 2017-18 ബഡ്ജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്. മന്ത്രിസഭ തീരുമാനം അനുസരിച്ചാണ് ഏറ്റവും കുറഞ്ഞ വാർഷിക പ്രീമിയം ആവശ്യപ്പെട്ട റിലയൻസിന് നടത്തിപ്പ് അനുമതി നൽകിയത്. റിലയൻസിനെ ഒഴിവാക്കിയതോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി പദ്ദതി നടപ്പാക്കാൻ മൂന്ന് മാസത്തെയെങ്കിലും കാലതാമസമുണ്ടാകാനാണ് സാധ്യത.