തിരുവനന്തപുരം: സമൂഹത്തിന്‍റെ എല്ലാ മേഖലയിലും കനത്ത നഷ്‌ടമാണ് കൊവിഡ് കാലം സൃഷ്ടിക്കുന്നത്. വസ്‌തു ഇടപാടുകൾ കുറഞ്ഞതും അതുവഴി ആധാരങ്ങളുടെ രജിസ്ട്രേഷനിൽ വന്ന ഇടിവും കേരളത്തിലെ രജിസ്ട്രേഷൻ വകുപ്പിന് കനത്ത വരുമാന നഷ്‌ടമുണ്ടാക്കി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ആദ്യ അഞ്ച് മാസം 1335.17 കോടി വരുമാനമുണ്ടായിരുന്നെങ്കിൽ ഈ വർഷം ആഗസ്റ്റ് വരെയുള്ള വരുമാനം 770.39 കോടി രൂപ മാത്രം. ആദ്യ അഞ്ചുമാസത്തിൽ മാത്രം 564 കോടിയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. ലോക്ക് ഡൗൺ പ്രഖ്യാപനമുണ്ടായ മാർച്ചിൽ 200 കോടിയോളം രൂപയുടെ കുറവ് വരുമാനത്തിലുണ്ടായി.
കഴിഞ്ഞ സാമ്പത്തിക വർഷം അവസാനിക്കാൻ ഒരാഴ്‌ച മാത്രം ശേഷിക്കെ മാർച്ച് 25നാണ് ഇന്ത്യയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. സാധാരണ അവസാന ആഴ്‌ചയായിരിക്കും വരുമാനത്തിന്‍റെ ഏറിയ പങ്കുമെത്തുന്നത്. പോയ മാർച്ചിൽ 58,000 ആധാരങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടു. 235 കോടി രൂപ മാത്രമാണ് വരുമാനം. തൊട്ടുമുമ്പത്തെ സാമ്പത്തിക വർഷം മാർച്ച് മാസം 97000 ആധാരങ്ങൾ രജിസ്റ്റർ ചെയ്തപ്പോൾ വരുമാനം 420 കോടിയായിരുന്നു. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ 30 ശതമാനം ജീവനക്കാരിലേക്ക് ഒതുക്കിയാണ് രജിസ്‌ട്രേഷൻ വകുപ്പിന്‍റെ പ്രവർത്തനം. ഒരു ദിവസം നൽകുന്ന രജിസ്ട്രേഷൻ ടോക്കൺ 15 ആയി കുറച്ചിരുന്നു. ബാങ്കുകൾ മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നതിനാൽ വായ്‌പകൾ അനുവദിക്കുന്നതിൽ വന്ന കുറവും വസ്‌തു ഇടപാടുകളെ സാരമായി ബാധിച്ചു.
2019ലെ ഇന്ത്യൻ സ്റ്റാമ്പ് ആക്‌ട് ഭേദഗതി നിലവിൽ വന്നത് രജിസ്‌ട്രേഷൻ വകുപ്പിന് പുതിയ പ്രതീക്ഷയാണ്. നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ നിന്നും ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ നിന്നും ഓഹരികൾ വാങ്ങുന്ന കേരളത്തിൽ നിന്നുള്ളവരുടെ സ്റ്റാമ്പ് ഡ്യൂട്ടി ഇനി കേരളത്തിന് ലഭിക്കും എന്നത് ഒരു നേട്ടമായിരിക്കും. ഇതിന് മുമ്പ് മഹാരാഷ്ട്രയ്ക്കായിരുന്നു സ്റ്റാമ്പ് ഡ്യൂട്ടി ലഭിച്ചിരുന്നത്. ജില്ലയിലെ ആധാരങ്ങൾ ഏത് സബ് രജിസ്ട്രാർ ഓഫിസിലും രജിസ്റ്റർ ചെയ്യാൻ സംസ്ഥാന സർക്കാർ അടുത്തിടെ നൽകിയ അനുമതിയും വരുമാന വർധനവിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. ആധാരങ്ങളുടെ രജിസ്ട്രേഷനിലാണ് കുറവ് രേഖപ്പെടുത്തുന്നത്. ഇതൊഴികെ ഒട്ടുമിക്ക പ്രധാന പ്രവർത്തനങ്ങളും ഓൺലൈനാക്കിയതിനാൽ ജീവനക്കാരുടെ കുറവ് പൊതുജനങ്ങളെ കാര്യമായി ബാധിച്ചിട്ടില്ലെന്നും രജിസ്‌ട്രേഷൻ വകുപ്പ് വിലയിരുത്തുന്നു.