തിരുവനന്തപുരം : കേന്ദ്ര സർക്കാർ സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് അങ്ങേയറ്റം ശ്വാസം മുട്ടിക്കുന്ന നടപടിയെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. 32,000 കോടി കിട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ജിഎസ്‌ഡിപിയുടെ മൂന്ന് ശതമാനമെങ്കിലും പ്രതീക്ഷിച്ചുവെന്നും എന്നാല്‍ 15,390 കോടി രൂപയാണ് അനുവദിച്ചതെന്നും ധനമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇത് സംസ്ഥാനത്തോടുള്ള വിവേചനം : കടമെടുപ്പ് പരിധി നിശ്ചയിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാരിന്‍റെ കത്ത് ലഭിച്ചു. ഇത്രയും തുക വെട്ടിക്കുറച്ചതിന്‍റെ കാരണം വ്യക്തമാക്കിയിട്ടില്ല. വലിയ തോതിലുള്ള കുറവാണ് ഉണ്ടായിരിക്കുന്നതെന്നും സംസ്ഥാനത്തിന്‍റെ മുന്നോട്ടുപോക്കിനെ വലിയ തോതിൽ തടസപ്പെടുത്തുന്ന നടപടിയാണിതെന്നും ധനമന്ത്രി പറഞ്ഞു. ആഭ്യന്തര നികുതി വരുമാനം വർധിപ്പിച്ചാണ് കഴിഞ്ഞ വർഷം പിടിച്ചുനിൽക്കാൻ കഴിഞ്ഞതെന്നും ഇന്ത്യയിൽ ഒരു സംസ്ഥാനത്തോടും കാണിക്കാത്ത വിവേചനമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇത്രയും വലിയ കുറവ് പ്രശ്‌നങ്ങളുണ്ടാക്കും. റവന്യൂ ചെലവിന്‍റെ 70 ശതമാനത്തോളം സംസ്ഥാനം കണ്ടെത്തേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. രാഷ്ട്രീയമായി ബുദ്ധിമുട്ടിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കേരളത്തിലെ ജനങ്ങളാണ് ബുദ്ധിമുട്ടിലാകുന്നതെന്നും അദ്ദേഹം അറിയിച്ചു. ഇത് ശമ്പളത്തേയും പെൻഷനേയും ബാധിക്കാതെ കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നും നിയമപരമായ കാര്യങ്ങളും പരിശോധിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഫേസ്‌ബുക്കിലൂടെയും വിമര്‍ശനം: കുറച്ചുനാളുകളായി കേരളത്തിനുള്ള ഗ്രാന്‍റുകളും വായ്‌പകളും നിഷേധിക്കുകയും വെട്ടിക്കുറക്കുകയും ചെയ്‌തുകൊണ്ടിരിക്കുകയാണ് കേന്ദ്രമെന്ന് ഫേസ്ബുക്ക് കുറിപ്പിലും ധനമന്ത്രി വിമർശനം ഉന്നയിച്ചു. ഈ വർഷത്തിൽ 32442 കോടി രൂപയുടെ വായ്‌പ എടുക്കാനുള്ള അനുമതി സാമ്പത്തിക വർഷാരംഭത്തിൽ കേന്ദ്രം നൽകിയിരുന്നു. നിലവിൽ 15390 കോടി രൂപയുടെ അനുമതി മാത്രമാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഗ്രാന്‍റിനത്തിൽ 10000 കോടിയുടെ വെട്ടിക്കുറവ് ഈ വർഷം വരുത്തിയതിന് പുറമെയാണിതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ കുറിച്ചു. കേന്ദ്ര നീക്കത്തിന് പിന്നിൽ സംസ്ഥാനത്തിന്‍റെ വികസന, ക്ഷേമ പ്രവർത്തനങ്ങൾ തടസപ്പെടുത്തുക എന്ന രാഷ്ട്രീയ ലക്ഷ്യവുമുണ്ട്. രാഷ്ട്രീയ ഭിന്നതകൾ മാറ്റിവച്ച് എല്ലാവരും ഒരുമിച്ച് നിന്ന് പ്രതിഷേധിക്കണമെന്നും ധനമന്ത്രി വ്യക്തമാക്കി.
കടുംവെട്ട് ഇങ്ങനെ: സംസ്ഥാനത്തിന്‍റെ വായ്‌പ പരിധിയില്‍ നിന്ന് 8000 കോടിയാണ് കേന്ദ്രം വെട്ടിക്കുറച്ചത്. ഇതുപ്രകാരം ഈ വര്‍ഷം സംസ്ഥാനത്തിന് 15390 കോടി രൂപ വായ്‌പയെടുക്കാന്‍ മാത്രമാണ് അനുമതിയുള്ളത്. ഇതോടെ സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകും. മാത്രമല്ല സംസ്ഥാനം ദൈനദിന ചിവലവിനടക്കം പണം കണ്ടെത്താനും ഏറെ ബുദ്ധിമുട്ടേണ്ടതായി വരും. എന്നാല്‍ കിഫ്ബിയുടേയും പൊതുമേഖല സ്ഥാപനങ്ങളുടേയും വായ്‌പയുടെ പേര് പറഞ്ഞാണ് കേന്ദ്രത്തിന്‍റെ നടപടി. അതേസമയം കഴിഞ്ഞ വര്‍ഷം കേന്ദ്രം 23000 കോടി രൂപയുടെ വായ്‌പയ്‌ക്ക് അനുമതി നല്‍കിയിരുന്നു.
ഈയൊരു സാമ്പത്തിക വര്‍ഷത്തേക്കാണ് ഇത്രയും തുകയുടെ വായ്‌പ പരിധി നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ സാമ്പത്തിക വര്‍ഷം ആരംഭിച്ച് രണ്ട് മാസം പിന്നിടുമ്പോള്‍ തന്നെ സംസ്ഥാന വിവിധ ചിലവുകള്‍ക്കായി 2000 കോടി കടമെടുത്ത് കഴിഞ്ഞു. ചെലവ് ചുരുക്കല്‍ അടക്കമുള്ള നടപടികളിലൂടെ ട്രഷറിയിലെ നീക്കിയിരിപ്പ് അടക്കം ചിലവഴിച്ച ശേഷമാണ് രണ്ട് മാസത്തിനുള്ളില്‍ തന്നെ രണ്ടായിരം കോടി കടമെടുത്തത്. ഇതുകൂടി പരിഗണിച്ചാല്‍ അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ സംസ്ഥാനത്തിന് 13390 കോടി രൂപ കൂടി മാത്രമേ വായ്‌പയെടുക്കാന്‍ സാധിക്കുകയുള്ളൂ. എന്നിട്ടും മൂന്ന് മാസത്തെ ക്ഷേമ പെന്‍ഷന്‍ ഇപ്പോഴും കുടിശ്ശികയാണ്. ഇത് കൂടാതെ ജീവനക്കാരുടെ ഡിഎ കുടിശ്ശികയടക്കം വിതരണം ചെയ്‌തിട്ടില്ല. നിലവിലെ സ്ഥിതിയില്‍ മുന്നോട്ടുപോയാല്‍ ഇവയുടെയെല്ലാം വിതരണത്തെ ഈ സാമ്പത്തിക പ്രതിസന്ധി ബാധിക്കും.
വായ്‌പ പരിധി ഇങ്ങനെ: സാമ്പത്തിക വര്‍ഷത്തിന്‍റെ തുടക്കത്തില്‍ ഓരോ സംസ്ഥാനത്തിനും ആ വര്‍ഷം വായ്‌പയെടുക്കാന്‍ കഴിയുന്ന തുക കേന്ദ്രം കത്തിലൂടെ അറിയിക്കുകയാണ് പതിവ്. അത്തരത്തില്‍ കേരളത്തിന് 32440 കോടി രൂപ വായ്‌പയെടുക്കാന്‍ അവകാശമുണ്ടെന്ന് സംസ്ഥാനം കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഒമ്പത് മാസത്തേക്ക് വായ്‌പയെടുക്കാന്‍ കഴിയുന്ന തുകയ്ക്കുളള അനുമതി തേടി സംസ്ഥാനം നല്‍കിയ കത്തിനുള്ള മറുപടിയിലാണ് കേന്ദ്രം കടുംവെട്ട് നിലപാട് അറിയിച്ചത്.