തിരുവന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ ശനിയാഴ്‌ച റെഡ് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അറബിക്കടലില്‍ ലക്ഷദ്വീപിനടുത്ത് രൂപപ്പെട്ട ന്യൂനമർദത്തിന്‍റെ സ്വാധീനത്തില്‍ ഇന്ന് മധ്യ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ആലപ്പുഴ, കോട്ടയം, എറണാകുളം,ഇടുക്കി,തൃശ്ശൂര്‍,പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഒമ്പത് ജില്ലകളില്‍ ശക്തമായ കാറ്റിന് സാധ്യത
അടുത്ത മൂന്നു മണിക്കൂറിനുള്ളില്‍ ഒമ്പത് ജില്ലകളില്‍ ശക്തമായ കാറ്റിനു സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, ജില്ലകളില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റു വീശാനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് ഇതുവരെ നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 87 പേരെ മാറ്റി പാര്‍പ്പിച്ചതായി ലാന്‍ഡ് റവന്യൂ കമ്മിഷണറേറ്റ് അറിയിച്ചു.
ദുരിതാശ്വാസ ക്യാമ്പുകൾ
തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ക്യാമ്പുകള്‍ ആരംഭിച്ചത്. തിരുവനന്തപുരത്ത് 51 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. കൊല്ലത്ത് 24ഉം ഇടുക്കിയില്‍ നാലും എറണാകുളത്ത് എട്ടു പേരുമാണ് ക്യാമ്പുകളിലുള്ളത്. 4,23,080 പേരെ മാറ്റി പാര്‍പ്പിക്കാന്‍ കഴിയുന്ന തരത്തില്‍ സംസ്ഥാനത്താകമാനം 3071 കെട്ടിടങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ക്ക് കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് കസബ തൊപ്പിയില്‍ ബീച്ചില്‍ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് 25 വീടുകളില്‍ വെള്ളം കയറി.
കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. മധ്യ കേരളത്തില്‍ നാളെയും ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
ടൗട്ട ചുഴലിക്കാറ്റ്
അടുത്ത 12 മണിക്കൂറിനുള്ളില്‍ ന്യൂനമർധം അതിതീവ്ര ന്യൂനമർദമാകുമെന്നും 24 മണിക്കൂറിനുളളില്‍ ടൗട്ട ചുഴലിക്കാറ്റായി മാറുമെന്നാണ് നിലവിലെ വിലയിരുത്തല്‍. വടക്കന്‍ കേരളത്തിനും വടക്കന്‍ കര്‍ണാടകയ്ക്കും ഇടയില്‍ വച്ചാണ് അതിതീവ്ര ന്യൂനമർദം ചുഴലിക്കാറ്റായി രൂപപ്പെടുക. അതുകൊണ്ട് തന്നെ വടക്കന്‍ കേരളത്തിലാകും അതി തീവ്രമഴയ്ക്ക് സാധ്യതയുള്ളത്. അതിനാൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് ശനിയാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
ആലപ്പുഴ, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളം ചുഴലിക്കാറ്റിന്‍റെ സഞ്ചാര പാതയിലില്ല. അതുകൊണ്ട് തന്നെ ശനിയാഴ്ചയോടെ ആശങ്ക ഒഴിയുമെന്നാണ് നിലവിലെ കണക്ക് കൂട്ടല്‍.