തിരുവനന്തപുരം: സംസ്ഥാനത്ത് വെജിറ്റബിള്‍ മയോണൈസോ പാസ്‌ചറൈസ് ചെയ്‌ത മുട്ട ഉപയോഗിച്ചുകൊണ്ടുള്ള മയോണൈസോ മാത്രം ഉപയോഗിക്കാന്‍ തീരുമാനം. പച്ച മുട്ട ഉപയോഗിച്ചുള്ള മയോണൈസ് ഉപയോഗിക്കാൻ പാടില്ല. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന്‍റെ അധ്യക്ഷതയില്‍ ഹോട്ടല്‍, റെസ്റ്റോറന്‍റ്, ബേക്കറി, വഴിയോര കച്ചവടക്കാര്‍, കാറ്ററിംഗ് എന്നീ മേഖലകളിലെ സംഘടന പ്രതിനിധികളുമായുള്ള യോഗത്തിലാണ് തീരുമാനം.
കൂടുതല്‍ നേരം മയോണൈസ് വച്ചിരുന്നാല്‍ അപകടകരമാകുന്നതിനാലാണ് ഈ നിര്‍ദേശം. ഭക്ഷണം പാഴ്‌സല്‍ കൊടുക്കുമ്പോള്‍ നല്‍കുന്ന സമയവും എത്ര നേരത്തിനുള്ളില്‍ ഉപയോഗിക്കണം എന്നതും രേഖപ്പെടുത്തിയ സ്റ്റിക്കര്‍ പതിപ്പിക്കണം. ആ സമയം കഴിഞ്ഞ് ആ ഭക്ഷണം കഴിക്കാന്‍ പാടില്ല.
എല്ലാ സ്ഥാപനങ്ങളും രജിസ്‌ട്രേഷനോ ലൈസന്‍സോ എടുക്കണം. ഭക്ഷ്യസുരക്ഷ വകുപ്പ് നടപ്പിലാക്കുന്ന ഹൈജീന്‍ റേറ്റിംഗില്‍ എല്ലാ സ്ഥാപനങ്ങളും സഹകരിക്കണമെന്നും നിർദേശമുണ്ട്. എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ ടോള്‍ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം.
ജീവനക്കാര്‍ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം. എല്ലാവരും ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ പരിശീലനവും നേടണം. സ്ഥാപനം ചെറുതോ വലുതോ എന്നല്ല, ശുചിത്വം വളരെ പ്രധാനമെന്നും യോഗത്തിൽ തീരുമാനമായി. ഭക്ഷ്യ സുരക്ഷ രംഗത്ത് സംഘടന പ്രതിനിധികള്‍ സഹകരണം ഉറപ്പ് നല്‍കി.
സംഘടനകള്‍ സ്വന്തം നിലയില്‍ ടീം രൂപീകരിച്ച് പരിശോധിച്ച് പോരായ്‌മകള്‍ നികത്തുകയും ശുചിത്വം ഉറപ്പ് വരുത്തുകയും ചെയ്യും. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഭക്ഷ്യ സുരക്ഷ കമ്മിഷണര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.