തിരുവനന്തപുരം: കരമന കൂടത്തിൽ കുടുംബത്തിൽ സ്വത്ത് തട്ടിപ്പ് കേസില്‍ പ്രതിയായ രവീന്ദ്രൻ നായരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. രവീന്ദ്രൻ നായരുടെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടും മരവിപ്പിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത്. കൂടത്തിൽ കുടുംബത്തിന്‍റെ 200 കോടി രൂപയുടെ സ്വത്ത് തട്ടിച്ചുവെന്നാണ് പരാതി. ഇത് കൂടാതെ കുടുംബത്തിൽ നടന്ന രണ്ട് മരണങ്ങളിലും ദുരൂഹതയുണ്ടെന്ന് ആരോപണം ശക്തമായിരുന്നു.
ഈ രണ്ട് സംഭവങ്ങളിലും അന്വേഷണം നേരിടുന്ന വ്യക്‌തിയാണ് കുടുംബത്തിലെ കാര്യസ്ഥനായിരുന്ന രവീന്ദ്രൻ നായർ. സ്വത്ത് തട്ടിപ്പ് കേസിൽ രവീന്ദ്രൻ നായരെ കൂടാതെ 12 പ്രതികൾ കൂടിയുണ്ട്. തിരുവനന്തപുരം മുൻ കലക്ടർ മോഹൻദാസ് ഈ കേസിൽ പത്താം പ്രതിയാണ്. ഈ രണ്ട് സംഭവങ്ങളിലും അന്വേഷണം ഡി സി പി മുഹമ്മദ് ആരിഫിന്‍റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മീഷണർ എം.എസ് സന്തോഷ് കുടുംബത്തിലെ അവകാശികളുടെ സ്വത്ത് വിവരങ്ങൾ തേടി റവന്യൂ രജിസ്ട്രേഷൻ വകുപ്പിന് കത്ത് നൽകിയിട്ടുണ്ട്. ബന്ധുക്കൾ സ്വത്ത് തട്ടിയെടുത്തോയെന്ന് പരിശോധിക്കാനാണിത്.