തിരുവനന്തപുരം: നെയ്യാറ്റിൻകര കുഴിഞ്ഞാൻവിളയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന ഇരുന്നൂറിലധികം ചാക്ക് റേഷൻ ഉൽപന്നങ്ങളും, മണ്ണെണ്ണയും പിടിച്ചെടുത്തു. കുഴിഞ്ഞാൻവിള സ്വദേശി ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള ഗോഡൗണിൽ നിന്നും പുഴുക്കലരി, ഗോതമ്പ്, പച്ചരി എന്നിവയാണ് പിടിച്ചെടുത്തത്. സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സമീപത്തെ വീട്ടിൽ നിന്നായിരുന്നു 200 ലിറ്ററിലധികം വരുന്ന റേഷൻ മണ്ണെണ്ണ പിടിച്ചെടുത്തത്.
തീരദേശ മേഖലകൾ കേന്ദ്രീകരിച്ചുള്ള റേഷൻ കടകളിൽ നിന്ന് വ്യാപകമായി മണ്ണെണ്ണ മൊത്തം പോകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഏജന്‍റ് മുഖാന്തരം ഗോഡൗണിൽ എത്തുന്ന റേഷൻ ഉൽപന്നങ്ങൾ പുതിയ ചാക്കുകളിലാക്കി വിൽപന നടത്തുന്നതായും കണ്ടെത്തി. തമിഴ്നാട് സപ്ലൈകൊയുടെ ചാക്കുകൾക്ക് പുറമേ വിവിധ ബ്രാൻഡുകളിലുള്ള ചാക്കുകളും യന്ത്രസാമഗ്രികളും ഇവിടെ നിന്നും പിടിച്ചെടുത്തു. പിടിച്ചെടുത്ത ഉൽപന്നങ്ങൾ നെയ്യാറ്റിൻകര സിവിൽ സപ്ലൈസ് ഗോഡൗണിലേക്ക് മാറ്റും. വരും നാളുകളിൽ കൂടുതൽ പരിശോധനകൾ നടത്തുന്നതിന് പുറമെ, പിടിച്ചെടുത്ത റേഷൻ ഉൽപന്നങ്ങളുടെ സ്രോതസിനെ സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും സപ്ലൈ ഓഫീസർ വി എം ജയകുമാർ പറഞ്ഞു.