തിരുവനന്തപുരം: അർധരാത്രി വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 13 വർഷം കഠിന തടവ് (Verdict On Rape Attempt In Thiruvananthapuram). വാമനപുരം ആനാകുടി സ്വദേശി ലിബിൻ എന്ന കണ്ണനാണ് (30) കേസിലെ പ്രതി. തിരുവനന്തപുരം പോക്സോ കോടതി ജഡ്‌ജി എം പി ഷിബുവിന്‍റേതാണ് ഉത്തരവ്.
2015ലാണ് കേസിനാസ്‌പദമായ സംഭവം. രാത്രി അതിക്രമിച്ച് കയറി യുവതിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു (Rape Attempt). യുവതി ബഹളം വച്ചതോടെ പ്രതി ഓടിരക്ഷപ്പെട്ടു.
എന്നാൽ പ്രതിയുടെ മൊബൈൽ ഫോൺ ഇതിനിടെ താഴെ വീണിരുന്നു. തുടർന്ന് യുവതി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ഈ മൊബൈൽ ഫോൺ പൊലീസിന് കൈമാറുകയും ചെയ്‌തു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി കാട്ടായിക്കോണം ജെ കെ അജിത് പ്രസാദ്, അഭിഭാഷകരായ ബിന്ദു എന്നിവർ ഹാജരായി.
സ്‌ത്രീയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി, പ്രതി ഭർത്താവ്: ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും. പി ആർ എസ് ആശുപത്രിക്ക് സമീപത്തെ താമസക്കാരനായിരുന്ന വിക്രമനാണ് (69) ഭാര്യ വിമലയെ തീ കൊളുത്തി കൊലപ്പെടുത്തിയത്. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി വിഷണുവിന്‍റേതാണ് ഉത്തരവ്.
കൊലപാതക കേസുകളുടെ വിചാരണ പരിഗണിക്കുന്ന പ്രത്യേക കോടതിയുടെ ആദ്യ വിധിയാണ് ഇത്. ഏഴ് ദിവസത്തിനകമാണ് വിചാരണ പൂർത്തിയായത് എന്നതാണ് ശ്രദ്ധേയം. വിമലയുടെ മരണമൊഴി സംഭവ ദിവസം വെളുപ്പിന് 4.45ന് മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. വെളുപ്പിന് 1.30ന് പൊലീസ് അദ്യ മൊഴി രേഖപ്പെടുത്തി.
ഇത് രണ്ടും തമ്മിൽ യാതൊരു വൈരുധ്യവും ഇല്ല എന്നതും മൊഴി രേഖപ്പെടുത്തുന്ന സമയം വിമല പൂർണമായും ബോധാവസ്ഥയിലായിരുന്നു എന്നതുമായ പ്രോസിക്യൂഷൻ വാദം കോടതി പരിഗണിച്ചു. കേസിലെ ദൃക്‌സാക്ഷികളായ ഒന്ന് മുതൽ മൂന്ന് വരെ സാക്ഷികൾ കൂറുമാറിയ കാരണം കൊണ്ട് മാത്രം പ്രതിയെ വെറുതെ വിടണം എന്ന പ്രതിഭാഗ വാദം കോടതി അംഗീകരിച്ചില്ല.
2012 സെപ്റ്റംബർ ഏഴിന് രാത്രി 11:30നാണ് സംഭവം. ഭാര്യയുമായി വാക്ക് തർക്കം ഉണ്ടായിരുന്ന പ്രതി ഉറങ്ങിക്കിടന്ന വിമലയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. 2013 മെയ് 4ന് മ്യൂസിയം പൊലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. 18 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്‌തരിച്ചു.
Also read: ഭാര്യയെ കൊന്നു കഷ്‌ണങ്ങളാക്കി വാട്ടർ ടാങ്കിൽ ഉപേക്ഷിച്ചു; ഭർത്താവ് അറസ്‌റ്റിൽ