തിരുവനന്തപുരം: ശബരിമലയില്‍ യുവതി പ്രവേശമാകാമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കണമെന്ന് യു.ഡി.എഫ്. കേസ് ഏഴംഗ ബഞ്ചിന് കൈമാറിയ സാഹചര്യത്തില്‍ പഴയ സത്യാവങ്മൂലം പിന്‍വലിച്ച് പുതിയത് നല്‍കണമെന്നും എല്‍.ഡി.എഫ് സര്‍ക്കാരിൻ്റെ സത്യവാങ്മൂലം നിലനിന്നാല്‍ കേസില്‍ അത് തിരിച്ചടിയാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പമാണെന്ന് പറയുന്നതില്‍ ആത്മാര്‍ത്ഥയുണ്ടെങ്കില്‍ സത്യവാങ്മൂലം പിന്‍വവലിക്കണമെന്നും, ഇത് നിലനിര്‍ത്തി മുന്നോട്ടു പോകുന്നത് വിശ്വാസികളോടുള്ള കടുത്ത വഞ്ചനയാണെന്നും യു.ഡി.എഫ് യോഗത്തിനു ശേഷം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
സുപ്രീംകോടതി വിധിക്കു ശേഷം മുഖ്യമന്ത്രി നടത്തിയ പ്രതികരണത്തില്‍ വ്യക്തതതയില്ല. പഴയ വിധി സര്‍ക്കാരിൻ്റെ പക്കലുണ്ട്. അതിൻ്റെ അടിസ്ഥാനത്തില്‍ പൊലീസ് സഹായത്തോടെ യുവതികളെ കയറ്റാനാണ് ശ്രമമെങ്കില്‍ ഗുരുതര സ്ഥിതി വിശേഷമുണ്ടാകുമെന്ന് ചെന്നിത്തല മുന്നറിയിപ്പു നല്‍കി. പണമില്ലാതെ പദ്ധതികള്‍ വെട്ടിച്ചുരുക്കുമ്പോള്‍ മുഖ്യമന്ത്രി നിരന്തരം വിദേശ യാത്ര നടത്തുകയാണെന്നും ഈ യാത്രകള്‍ കൊണ്ട് യാതൊരു ഫലവുമില്ലെന്നും യു.ഡി.എഫ് യോഗത്തിനു ശേഷം ചെന്നിത്തല പറഞ്ഞു.