തിരുവനന്തപുരം: സർവ്വകലാശാല ഉത്തരക്കടലാസ് കണ്ടെടുത്ത സംഭവത്തിലും പിഎസ് സി വിഷയത്തിലും ഗവർണർക്കെതിരെ വിമർശനവുമായി പ്രതിപക്ഷം. ചാൻസലർ കൂടിയായ ഗവർണർക്ക് ഇക്കാര്യത്തിൽ എങ്ങനെ നിശബ്ദനായിരിക്കാൻ കഴിയുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. പിഎസ്‌സി ചെയർമാനെയും കേരള സർവ്വകലാശാല വൈസ് ചാൻസലറെയും ഗവർണർ പുറത്താക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമക്കേസിലെ ഒന്നാം പ്രതിയായ എസ്എഫ്ഐ നേതാവ് പിഎസ്‌സി റാങ്ക് പട്ടികയിൽ ഒന്നാമതെത്തിയത് കുംഭകോണമാണ്. സർവ്വകലാശാല ഉത്തരക്കടലാസ് പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത സംഭവത്തിന്റെ വസ്തുത പുറത്ത് വരാൻ സിബിഐ അന്വേഷണം നടത്തണം. പിഎസ്‌സിയുടെയും കേരള സർവകലാശാലയുടെയും വിശ്വാസ്യത തകർന്നു. പിഎസ്‌സി അംഗങ്ങളെ നിയമിക്കുന്നത് ഗവർണറാണ്. സർവ്വകലാശാലയുടെ ചാൻസിലറാണ് ഗവർണർ. ഈ സാഹചര്യത്തിൽ ഗവർണർ പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണം. ഗവർണർ ഭരണഘടനാപരമായ കടമ നിറവേറ്റണം. ഗവർണർക്ക് എങ്ങനെ നിശബ്ദനായിരിക്കാൻ കഴിയുന്നുവെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. പിഎസ്‌സി ചെയർമാനെയും കേരള സർവകലാശാല വൈസ് ചാൻസലറെയും പിരിച്ചുവിടണമെന്നും ഇക്കാര്യം ഉന്നയിച്ച് നാളെ രാവിലെ 10ന് യുഡിഎഫ് പ്രതിനിധി സംഘം ഗവർണറെ വീണ്ടും കാണുമെന്നും ചെന്നിത്തല പറഞ്ഞു.