തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെയ്ക്ക് പൂർണ പിന്തുണ നൽകുമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദ്ദേഹത്തിന്‍റെ സ്ഥാനാർഥിത്വം മുതിർന്ന നേതാക്കൾ ഒരുമിച്ചെടുത്ത തീരുമാനമാണെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. സോണിയ ഗാന്ധിയോ രാഹുൽ ഗാന്ധിയോ ആര് മത്സരിക്കണമെന്ന് പറഞ്ഞിട്ടില്ല.
തെരഞ്ഞെടുപ്പിൽ നെഹ്‌റു കുടുംബം ഇടപെട്ടിട്ടില്ല. ദലിത് കോൺഗ്രസ് പ്രസിഡന്‍റ് ഉണ്ടാകേണ്ടത് അനിവാര്യമാണ്. കേരളത്തിൽ നിന്നും കൂടുതൽ വോട്ട് ഖാർഖെയ്ക്ക് കിട്ടുമെന്നാണ് വിശ്വാസം.
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ശശി തരൂരിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.എസ് ശബരീനാഥന് അവരുടെ അഭിപ്രായം പറയാം. തെരഞ്ഞെടുപ്പ് ജനാധിപത്യപരമാണ്, ആർക്കും അഭിപ്രായം പറയാം. തരൂർ പിന്മാറണം എന്ന അഭിപ്രായമില്ല.
തരൂരിന് മത്സരിക്കാനുള്ള അവകാശം ഉണ്ടെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം ഡോളർ കടത്ത് കേസിൽ എം ശിവശങ്കറിനെതിരെ കസ്റ്റംസ് കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ കായിക വകുപ്പിൽ നിന്നും അദ്ദേഹത്തെ സസ്പെൻഡ് ചെയ്യണമെന്നും ചെന്നിത്തല പറഞ്ഞു. കേസിൽ മുഖ്യമന്ത്രിയും കൂട്ടു പ്രതിയായതിനാലാണ് ശിവശങ്കറിനെതിരെ നടപടിയെടുക്കാത്തതെന്നും ചെന്നിത്തല പറഞ്ഞു.