തിരുവനന്തപുരം : മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തന്നെ പ്രഖ്യാപിച്ചത് കൊണ്ടാണ് യു ഡി എഫ് കഴിഞ്ഞ തവണ തോറ്റതെന്ന എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ വാദം നിലനില്‍ക്കുന്നതല്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫോ കോണ്‍ഗ്രസോ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ആരെയും ഉയര്‍ത്തിക്കാണിച്ചിട്ടില്ല. താന്‍ തികഞ്ഞ മതേതര വാദിയാണ്. വ്യക്തി ജീവിതത്തിലോ രാഷ്‌ട്രീയ ജീവിതത്തിലോ മതേതരവാദ നിലപാടില്‍ വെള്ളം ചേര്‍ത്തിട്ടില്ല. ഇനിയും അങ്ങനെ തന്നെ മുന്നോട്ടുപോകും.
തനിക്ക് വലുത് കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം കാര്യവട്ടം അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ഇന്ത്യ - ശ്രീലങ്ക മത്സരത്തിന്‍റെ ടിക്കറ്റിന് വിനോദ നികുതി കുത്തനെ വര്‍ധിപ്പിച്ചതില്‍ മന്ത്രി വി അബ്‌ദുറഹിമാന്‍റെ വിവാദ ന്യായീകരണത്തെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. സര്‍ക്കാരും ക്രിക്കറ്റ് അസോസിയേഷനും തമ്മിലുള്ള പ്രശ്‌നം അവര്‍ തമ്മില്‍ തീര്‍ക്കണം.
ജനങ്ങളുടെ മേലല്ല അത് അടിച്ചേല്‍പ്പിക്കേണ്ടത്. പട്ടിണി കിടക്കുന്നവനും കാണാനുള്ളതാണ് ക്രിക്കറ്റ്. പണക്കാര്‍ക്ക് മാത്രം കാണാനുള്ളതല്ല. ടിക്കറ്റെടുക്കാത്തവരാണ് ആരോപണം ഉന്നയിക്കുന്നതെന്നാണ് മന്ത്രി പറഞ്ഞത്. എന്നാല്‍ താന്‍ ടിക്കറ്റെടുത്ത് ക്രിക്കറ്റ് കാണാറുണ്ടെന്നും സാധാരണക്കാര്‍ക്ക് കളി കാണാനുള്ള അവസരം സര്‍ക്കാര്‍ ഒരുക്കണമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.പട്ടിണിപ്പാവങ്ങള്‍ ടിക്കറ്റ് എടുക്കേണ്ടെന്നായിരുന്നു വി അബ്‌ദുറഹിമാന്‍റെ പ്രസ്‌താവന.