തിരുവനന്തപുരം: ലൈഫ് പദ്ധതിയിലെ ക്രമക്കേട് സംബന്ധിച്ച് വിജിലൻസ് അന്വേഷണം സ്വീകാര്യമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യാന്തര തലത്തിൽ അന്വേഷിക്കേണ്ട വിഷയത്തിൽ വിജിലൻസിന് ഒന്നും ചെയ്യാൻ കഴിയില്ല. സിബിഐ അന്വേഷണം നടത്തിയാൽ മാത്രമേ കോടികളുടെ കമ്മീഷൻ ഇടപാട് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വരികയുള്ളുവെന്നും ചെന്നിത്തല പറഞ്ഞു. ലൈഫ് പദ്ധതിയിൽ മുഖ്യമന്ത്രിക്ക് എന്തൊക്കെയോ ഒളിക്കാനുണ്ട്. അതുകൊണ്ടാണ് എംഒയു ഉൾപ്പെടെയുള്ള രേഖകൾ ഒന്നര മാസമായി ആവശ്യപ്പെട്ടിട്ടും പുറത്തുവിടാത്തത്. അതുകൊണ്ട് തന്നെ ലൈഫ് മിഷനിലെ ടാസ്‌ക് ഫോഴ്‌സിലെ പ്രത്യേക ക്ഷണിതാവ് സ്ഥാനം രാജിവയ്ക്കുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി.
മൊബിലിറ്റി പദ്ധതിയുടെ കൺസൾട്ടൻസി കരാറിൽ നിന്ന് പിഡബ്ല്യുസിയെ മാറ്റിയതോടെ പ്രതിപക്ഷ ആരോപണങ്ങൾ ശരിയെന്ന് തെളിഞ്ഞു. പ്രതിപക്ഷം സമരം ചെയ്യുന്നത് കൊണ്ടാണ് കൊവിഡ് പടരുന്നതെന്ന് മുഖ്യമന്ത്രി പറയുന്നത് സമരങ്ങളെ ഭയക്കുന്നതുകൊണ്ടാണ്. ഏത് വടി കൊണ്ടും പ്രതിപക്ഷത്തെ അടിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. പ്രതിപക്ഷം പ്രതിഷേധം നടത്തുന്നത് കൊണ്ടാണോ മന്ത്രിമാർക്ക് കൊവിഡ് വന്നതെന്നും ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും പച്ചവർഗീയത പറയുകയാണ്. അഴിമതിയും കൊള്ളയും തടയാനാണ് വർഗീയത ഉപയോഗിക്കുന്നത്. ഖുറാനെയും യുഎഇയേയും വിവാദത്തിലേക്ക് വലിച്ചിഴക്കുകയാണെന്നും ഇതെല്ലാം ജനങ്ങൾ മനസിലാക്കുമെന്നും ചെന്നിത്തല പറഞ്ഞു. പാലാരിവട്ടം പാലത്തിൽ ഭാരപരിശോധന നടത്താതെ പൊളിച്ച് പണിയണമെന്ന് സർക്കാർ പറയുന്നത് എന്തിനാണെന്നും ചെന്നിത്തല ചോദിച്ചു. പൊളിച്ചുപണിഞ്ഞാൽ 36 കോടി രൂപ കൂടി ചെലവ് വരും. പാലം ശക്തിപ്പെടുത്തി ഉപയോഗിക്കാനാകുമോയെന്ന് പരിശോധിക്കണമെന്നും ചെന്നിത്തല പറഞ്ഞു.