തിരുവനന്തപുരം: മദ്യത്തിന് വില കൂട്ടിയ സർക്കാർ തീരുമാനത്തിന് പിന്നിൽ അഴിമതിയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വൻകിട മദ്യ നിർമാതാക്കൾക്കാണ് ഇന്ത്യൻ നിർമിത മദ്യത്തിന്‍റെ വിറ്റുവരവ് നികുതി ഒഴിവാക്കിയതിന്‍റെ നേട്ടം കിട്ടുന്നതെന്നും ചെന്നിത്തല ആരോപിച്ചു. മദ്യ ഉത്‌പാദകർ സിപിഎമ്മുമായി ഉണ്ടാക്കിയ ധാരണ അനുസരിച്ചാണ് നികുതി ഒഴിവാക്കിയത്.
ഈ തീരുമാനം പിൻവലിക്കണം. ടി പി രാമകൃഷ്‌ണൻ ചെയ്യാൻ മടിച്ചത് ഇപ്പോള്‍ സര്‍ക്കാര്‍ ചെയ്യുന്നു. മിൽമ പാൽ വില വർധനവിലും രൂക്ഷ വിമർശനമാണ് ചെന്നിത്തല ഉന്നയിച്ചത്. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങൾക്ക് മേൽ വലിയ ഭാരമാണ് പാൽ വില വർധന കൊണ്ട് ഉണ്ടാകുന്നത്.
ജനങ്ങൾക്കു മേൽ വലിയ ഭാരം ഉണ്ടാകുകയാണെന്നും ചെന്നിത്തല പറഞ്ഞു. നഗരസഭയിലെ നിയമന ശുപാർശ കത്ത് കേസ് ക്രൈംബ്രാഞ്ച് അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നും ചെന്നിത്തല ആരോപിച്ചു. ആനാവൂർ നാഗപ്പനും ഡി ആർ അനിലുമാണ് യഥാർഥ പ്രതികൾ. ഇവരെ രക്ഷിക്കാൻ ശ്രമം നടക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.