തിരുവനന്തപുരം : എംജി സര്‍വകലാശാലയിലെ മാര്‍ക്ക്ദാന വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണറെ കണ്ടു. മാര്‍ക്ക് കുംഭകോണത്തില്‍ മന്ത്രി കെ.ടി ജലീലിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ ആരിഫ് ഖാനുമായി പ്രതിപക്ഷ നേതാവ് കൂടിക്കാഴ്‌ച നടത്തിയത്. വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും ഇതുസംബന്ധിച്ച് മന്ത്രി കെ.ടി. ജലീല്‍ വസ്‌തുതാപരമായ മറുപടി നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
മാര്‍ക്ക് ദാന കുംഭകോണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഗവര്‍ണറെ ബോധ്യപ്പെടുത്തിയതായി ചെന്നിത്തല അറിയിച്ചു. എം.ജി യൂണിവേഴ്‌സിറ്റിയില്‍ മാത്രമല്ല സംസ്ഥാനത്തെ എല്ലാ യൂണിവേഴ്‌സിറ്റികളിലും ഇത്തരത്തില്‍ മാര്‍ക്ക് ദാനം നടക്കുന്നുണ്ട്. കുറ്റം കണ്ടുപിടിച്ചതോടെ വൈസ് ചാന്‍സലറുടെയും പ്രൈവറ്റ് സെക്രട്ടറിയുടെയും തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാനുള്ള നീക്കമാണ് മന്ത്രി നടത്തുന്നത്. അദാലത്ത് വഴി മാര്‍ക്ക് ദാനം നടത്തുന്നതില്‍ ഗൂഢാലോചനയുണ്ടെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
ആറ് സപ്ലിമെന്ററി പരീക്ഷയില്‍ തോറ്റ കുട്ടിയെ വരെ എം.ജി യൂണിവേഴ്‌സിറ്റിയില്‍ ജയിപ്പിക്കാനുള്ള ശ്രമം നടന്നു. അഞ്ച് മാര്‍ക്ക് കൂട്ടിക്കൊടുക്കാനുള്ള സിന്‍ഡിക്കേറ്റ് തീരുമാനത്തെ ദുര്‍വ്യാഖ്യാനം ചെയ്താണ് ഓരോ സെമസ്റ്ററിലും അഞ്ച് മാര്‍ക്ക് വീതം ദാനം ചെയ്യുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. പരീക്ഷ നടത്തിപ്പിലും യൂണിവേഴ്‌സിറ്റിയുടെ സ്വയം ഭരണാവകാശത്തിനുമേലും ഉള്ള കടന്നുകയറ്റമാണ് മന്ത്രി നടത്തുന്നത്. പ്രതിപക്ഷത്തിന്‍റെ ഗിമ്മിക്കാണോ അല്ലയോ എന്നത് മന്ത്രിയ്ക്ക് വഴിയേ മനസ്സിലാകുമെന്നും വിഷയത്തില്‍ വസ്തുതാപരമായി മന്ത്രി മറുപടി പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.