തിരുവനന്തപുരം: കേരളത്തിൽ എസ്എഫ്ഐ എന്ന സംഘടന പിരിച്ചുവിടുകയാണ് വേണ്ടതെന്ന രൂക്ഷ വിമര്‍ശനമുയര്‍ത്തി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിഎസ്‌സി തട്ടിപ്പിലും മയക്കുമരുന്ന് കേസുകളിലും വ്യാജ സർട്ടിഫിക്കറ്റ് കേസിലുമെല്ലാം എസ്എഫ്ഐയാണ്. സർക്കാരും പാർട്ടിയും ഇത്തരം ആളുകളെ സംരക്ഷിച്ചതോടെ കേരളത്തിൻ്റെ വിദ്യാഭ്യാസ രംഗത്ത് അരാജകത്വമുണ്ടാക്കുന്ന ഒരു പ്രസ്ഥാനമായി എസ്എഫ്ഐ മാറിയെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
എസ്‌എഫ്‌ഐയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം: വ്യാജന്മാരുടെ കൂടാരമായി എസ്എഫ്ഐ എന്ന സംഘടന മാറി. വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ആരോപണം നേരിടുന്ന ആലപ്പുഴയിലെ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിൻ്റെ സർട്ടിഫിക്കറ്റ് ആർഷോ ആണോ പരിശോധിക്കേണ്ടത്. നിഖിലിനെ കായംകുളം എംഎസ്എം കോളജിൽ പ്രവേശിപ്പിക്കാൻ ശുപാർശ ചെയ്‌ത ഉന്നതനായ സിപിഎം നേതാവ് ആരാണെന്നും ചെന്നിത്തല ചോദിച്ചു.
എസ്എഫ്ഐക്ക് പ്രവർത്തിക്കാനുള്ള ധാർമിക അവകാശം നഷ്‌ടപ്പെട്ടു. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച എസ്എഫ്ഐ നേതാവായിരുന്ന വിദ്യയെ 13 ദിവസമായിട്ടും പൊലീസ് പിടിക്കുന്നില്ല. പൊലീസിനെയും ഭരണ സംവിധാനങ്ങളെയും ഉപയോഗിച്ചുകൊണ്ട് വ്യാജന്മാർ വിലസുകയാണെന്നും മര്യാദയില്ലാത്ത നിലയിലാണ് സർവകലാശാലകളിൽ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നതെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
വിമര്‍ശനത്തിന് മൂര്‍ച്ച കൂട്ടി ചെന്നിത്തല: പകുതിയോളം സർവകലാശാലകളിൽ വിസിമാരില്ല. സർക്കാർ കോളജുകളിൽ പ്രിൻസിപ്പാള്‍മാരില്ല. അവിടെ എന്താണ് നടക്കുന്നതെന്ന് ആർക്കും അറിയില്ല. ഗുരുതരമായ ആരോപണങ്ങളാണ് ഓരോ സർവകലാശാലയും പറ്റി പുറത്തുവരുന്നതെന്നും കേരളത്തിന്‍റെ ചരിത്രത്തിലൊരിക്കലുമുണ്ടാവാത്ത നിലയിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ തേർവാഴ്‌ച നടക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
എസ്എഫ്ഐ എന്ന സംഘടന സാമൂഹ്യവിരുദ്ധന്മാരുടെ താവളമായി മാറി. അത് പിരിച്ചുവിടണം. വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ എസ്എഫ്ഐയുടെ നേതൃത്വത്തിൽ ഒരു കേന്ദ്രം പ്രവർത്തിക്കുന്നുണ്ടെന്നാണ് തനിക്ക് തോന്നുന്നതെന്നും തെറ്റ് ചെയ്‌തവരെക്കാൾ അതിനെ ന്യായീകരിക്കുന്നവരാണ് കൂടുതൽ ശിക്ഷ അർഹിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
എം.വി ഗോവിന്ദനെതിരെയും വിമർശനം: ഈ വിഷയത്തെ ന്യായീകരിക്കാനും ഒരു പക്ഷേ എം.വി ഗോവിന്ദൻ ശ്രമിക്കുമായിരിക്കും. ഗോവിന്ദൻ മാസ്‌റ്റർക്ക് എന്നാണ് ആഭ്യന്തര മന്ത്രിപദം ലഭിച്ചതെന്ന് തനിക്കറിയില്ല. മുഖ്യമന്ത്രി വിദേശത്തേക്ക് പോയപ്പോൾ എം.വി ഗോവിന്ദന് ആഭ്യന്തരവകുപ്പിന്‍റെ ചുമതല കൊടുത്തിട്ടാണോ പോയതെന്നും ചെന്നിത്തല ചോദിച്ചു.
കെപിസിസി അധ്യക്ഷൻ കെ.സുധാകരനെതിരെ വളരെ മോശം പരാമർശമാണ് അദ്ദേഹം നടത്തിയത്. നാണംകെട്ട സിപിഎം സംസ്ഥാന സെക്രട്ടറിയായി എം.വി ഗോവിന്ദൻ അധഃപതിച്ചു. ആരോപണം പിൻവലിച്ച് എം.വി ഗോവിന്ദൻ മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം എഐ ക്യാമറ വിഷയത്തിൽ അഴിമതി ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ പ്രതികരണവുമായി കെ.സുധാകരനും രംഗത്തെത്തിയിരുന്നു. എം വി ഗോവിന്ദനെ 'മാസ്‌റ്റർ' എന്നുവിളിക്കാൻ ലജ്ജ തോന്നുന്നുവെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. തനിക്കെതിരെ മൊഴി നൽകാൻ മോന്‍സണ്‍ മാവുങ്കലിനെ ഭീഷണിപ്പെടുത്തിയെന്ന വാർത്തയും പുറത്തുവന്നിരിക്കുകയാണെന്നും തനിക്കെതിരെയുള്ള പ്രസ്‌താവനയ്ക്ക് ഗോവിന്ദൻ മാസ്‌റ്റർക്ക് മറുപടി പറയേണ്ടിവരുമെന്നും സുധാകരന്‍ പറഞ്ഞിരുന്നു. ഗോവിന്ദൻ പറഞ്ഞത് ശുദ്ധ അസംബന്ധമാണെന്നും ഗോവിന്ദൻ മാസ്‌റ്റർക്ക് കാലം മറുപടി നൽകുമെന്ന് പറഞ്ഞ അദ്ദേഹം, നിയമത്തിലൂടെയും മറുപടി നൽകുമെന്നും വ്യക്തമാക്കി.