തിരുവനന്തപുരം: സ്വപ്‌നയുമായി ബന്ധമുള്ള ഒരാളുടെ പേര് കൂടി ഉയരുന്നുണ്ട്. അത് ആരാണെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അത് ആരാണെന്ന് തനിക്കറിയാം. എന്നാൽ പറയുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
ലൈഫ് പദ്ധതിയിൽ അടിമുടി അഴിമതി ആയതു കൊണ്ടാണ് റെഡ് ക്രസന്‍റുമായുള്ള ധാരണ പത്രത്തിന്‍റെ പകർപ്പ് തനിക്ക് തരാത്തതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ലൈഫ് പദ്ധതിയിൽ വൻ അഴിമതിയാണ് നടക്കുന്നത്. സർക്കാർ അത് മൂടിവയ്ക്കുന്നു. ധാരണപത്രത്തിന്‍റെ പകർപ്പ് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വീണ്ടും കത്ത് നൽകുമെന്നും ചെന്നിത്തല പറഞ്ഞു. ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കും. കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് സമരങ്ങളോടുള്ള എതിർപ്പ് ആശ്ചര്യം ഉണ്ടാക്കുന്നു. ജലീലിന് പായസം കൊടുത്ത് മുഖ്യമന്ത്രി അഴിമതി പ്രോത്സാഹിപ്പിക്കുന്നെന്നും ചെന്നിത്തല ആരോപിച്ചു.