തിരുവനന്തപുരം: താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ പി.എസ്.സിയെ നോക്കുകുത്തിയാക്കി താൽക്കാലിക ജീവനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കം തൊഴിൽരഹിതരായ ലക്ഷക്കണക്കിന് യുവാക്കളോടുള്ള വെല്ലുവിളിയാണെന്നും തെരഞ്ഞെടുപ്പിൽ നേരിയ മുൻതൂക്കം കിട്ടിയതോടെ എന്തുമാകാം എന്ന മട്ടിലാണ് സർക്കാരെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
നേരത്തെ തന്നെ പിൻവാതിൽ നിയമനങ്ങൾ നടത്തി റെക്കോർഡിട്ട സർക്കാർ ഇപ്പോൾ പി.എസ്.സിക്ക് വിട്ട സ്ഥാപനങ്ങളിൽ പോലും കൂട്ടത്തോടെ താൽകാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുകയാണെന്നും കേരളത്തിലെ സർവ്വകലാശാലകളിൽ മൂവായിരത്തോളം പേരെ സ്ഥിരപ്പെടുത്താൻ പോകുകയാണെന്നാണ് പുറത്തുവന്നിട്ടുള്ള വിവരമെന്നും അദ്ദേഹം അറിയിച്ചു. കഷ്‌ടപ്പെട്ട് പഠിച്ച് പി.എസ്.സി റാങ്ക് ലിസ്‌റ്റുകളിൽ കയറി പറ്റുന്നവരെ വിഢികളാക്കി കൊണ്ടാണ് സർക്കാർ താൽക്കാലിക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്തുന്നതെന്നും മുഖ്യമന്ത്രിയുടെ കീഴിലെ ഐടി വകുപ്പിലും മറ്റും കൺസൾട്ടൻസികൾ വഴിയും യാതൊരു യോഗ്യതയും ഇല്ലാത്തവരെ വൻ ശമ്പളത്തിൽ തിരുകി കയറ്റിയത് വിവാദമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും അനധികൃത നിയമനങ്ങൾ നടത്താൻ ലൈസൻസ് കിട്ടിയിരിക്കുകയാണ് എന്നാണ് സർക്കാർ ധരിച്ചിരിക്കുന്നതെന്നും ഇത് അനുവദിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.